Kerala
പുതിയ ഡാം എന്ന ആവശ്യത്തെ അപ്രസക്തമാക്കുന്ന നീക്കം; മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് കേരളത്തിന് തിരിച്ചടിയായേക്കും
Kerala

പുതിയ ഡാം എന്ന ആവശ്യത്തെ അപ്രസക്തമാക്കുന്ന നീക്കം; മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് കേരളത്തിന് തിരിച്ചടിയായേക്കും

Web Desk
|
7 Nov 2021 8:00 AM GMT

ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും

മുല്ലപ്പെരിയാർ വിവാദത്തിൽ കേരളം ഇതുവരെ ഉന്നയിച്ച മുഴുവൻ വാദങ്ങളും സ്വയം നിഷേധിക്കുന്ന നടപടിയാണ് മരംമുറി ഉത്തരവോടെ ഉണ്ടായത്. ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും. പുതിയ ഡാം നിർമിക്കണമെന്ന കേരള നിലപാട് ഇതോടെ അപ്രസക്തമാകുകയും ചെയ്യും. ബേബി ഡാം ബലപ്പെടുത്താന്‍ അനുമതി നല്‍കിയതിന് പിന്നിൽ ഉന്നതതല നിര്‍ദേശം ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താമെന്നാണ് തമിഴ്നാട് നിലപാട്. മരങ്ങള്‍ മുറിക്കാതെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിലേക്ക് തമിഴ്നാടിന് കടക്കാന്‍ സാധിക്കുമായിരുന്നില്ല. ദീര്‍ഘകാലമായുള്ള തമിഴ്നാടിന്‍റെ ഈ ആവശ്യം കേരളത്തിന്‍റെ വനം വകുപ്പ് അംഗീകരിച്ചതോടെ തടസം നീങ്ങി. ബേബി ഡാം ശക്തിപ്പെടുത്തി കഴിഞ്ഞാല്‍ സ്വാഭാവികമായും തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീംകോടതിയില്‍ അടക്കം ആവശ്യം ഉന്നയിക്കും. പുതിയ ഡാമെന്ന കേരളത്തിന്‍റെ നിലപാടിനെ ഇതിലൂടെ മറികടക്കാനും തമിഴ്നാടിനു വഴിയൊരുങ്ങും. ഉദ്യോഗസ്ഥ തല തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ഉത്തരവ് വിവാദമായിട്ടും തിരക്കിട്ട നീക്കങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ല. ഉദ്യോഗസ്ഥതല വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടിയെന്നാണ് മന്ത്രിയടക്കം ആവര്‍ത്തിക്കുന്നത്. ഉത്തരവ് റദ്ദാക്കാത്തത് പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോഴും തമിഴ്നാടുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹം സര്‍ക്കാരിനുണ്ട്. ഉത്തരവ് റദ്ദ് ചെയ്താല്‍ ബന്ധം വഷളാകുമോയെന്ന ആശങ്കയും സര്‍ക്കാരിനെ അലട്ടുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കും. രാഷ്ട്രീയ തീരുമാനം വേണ്ട നിര്‍ണായക വിഷയത്തില്‍ താനറിയാതെ ഉത്തരവ് ഇറക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് വനം മന്ത്രി. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉയര്‍ത്തും. ഇതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

Related Tags :
Similar Posts