Kerala
സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല, കെപിസിസി അധ്യക്ഷനെ സ്ലോട്ട് വച്ച്കാണേണ്ട ഗതിവന്നിട്ടില്ല: തുറന്നടിച്ച് മുല്ലപ്പള്ളി
Kerala

'സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല, കെപിസിസി അധ്യക്ഷനെ സ്ലോട്ട് വച്ച്കാണേണ്ട ഗതിവന്നിട്ടില്ല': തുറന്നടിച്ച് മുല്ലപ്പള്ളി

Web Desk
|
27 Sep 2021 7:56 AM GMT

കെ സുധാകരനെതിരായ പരാതികള്‍ താരിഖ് അന്‍വറിനു മുന്നില്‍ മുല്ലപ്പള്ളി നിരത്തി

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് മുന്നില്‍ കെപിസിസി നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ലെന്ന് താരിഖ് അന്‍വറിന് മുന്നില്‍ മുലപ്പള്ളി തുറന്നടിച്ചു. ജനാധിപത്യ ആദർശമുള്ളവരായിക്കണം പാർട്ടിയെ നയിക്കേണ്ടതെന്ന് പറഞ്ഞ് സുധാകരനെതിരെ മുല്ലപ്പള്ളി ഒളിയമ്പ് എയ്യുകയും ചെയ്തു.

കടുത്ത അമർഷത്തിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരനെതിരായ പരാതിക്കെട്ടുകള്‍ തന്നെ താരിഖ് അന്‍വറിനു മുന്നില്‍ മുല്ലപ്പള്ളി നിരത്തി. മുന്‍ അധ്യക്ഷനെന്ന പരിഗണന കാട്ടിയില്ല. മാന്യത കാട്ടാത്ത നേതൃത്വം കൂട്ടായ ചർച്ചകള്‍ക്കും ആശയവിനിമയത്തിനും തയ്യാറായില്ല. തന്‍റെ കാലത്ത് കൂടിയാലോചനയില്ലെന്ന് അട്ടഹസിച്ച ഇപ്പോഴത്തെ നേതൃത്വം എന്ത് കൂടിയാലോചനകളാണ് നടത്തുന്നതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം.

ചർച്ചകളെന്ന പേരില്‍ നടക്കുന്നത് പ്രഹസനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലും കൂടിയാലോചന ഉറപ്പാക്കണമെന്ന് താരിഖിനോട് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ പോരാ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ഉയര്‍ത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലും സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചു.

താൻ ഫോണെടുക്കില്ലെന്ന് ആരും പറയില്ല. ആരു വിളിച്ചാലും എടുക്കും. സുധാകരന്‍റെ പരാതി എന്തിനെന്ന് അറിയില്ല. മറ്റാരും അങ്ങനൊരു പരാതി പറഞ്ഞിട്ടില്ല. സ്ലോട്ട് വച്ച് ആരെയെങ്കിലും കാണേണ്ട ഗതിവന്നിട്ടില്ല. എല്ലാവരെയും ചേർത്തു നിർത്തി വേണം പാർട്ടി പോകാൻ. ഇതൊരു ജനാധിപത്യ പാർട്ടിയാണ്. ആ ആദർശങ്ങളുള്ളവരാണ് നേതൃത്വത്തിൽ വരേണ്ടതെന്നും മുല്ലപപ്ള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുമെന്നായിരുന്നു താരിഖ് അന്‍വറിന്‍റെ പ്രതികരണം. മുല്ലപ്പള്ളി പാർട്ടിയുടെ ശക്തനായ നേതാവാണ്. അച്ചടക്കമുള്ള നേതാവാണ് അദ്ദേഹം. എല്ലാവരെയും ഒരുമിച്ചു നിർത്തും. സുധീരനുമായി താൻ സംസാരിക്കും. എന്നിട്ട് നേരിൽ കാണുന്ന കാര്യം തീരുമാനിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Similar Posts