Kerala
രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല; ശശി തരൂരിനെതിരെ മുല്ലപ്പള്ളി
Kerala

'രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല'; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

Web Desk
|
21 Sep 2022 6:11 AM GMT

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പല വിഷയങ്ങളിലും പോരടിക്കുമ്പോൾ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ. ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോഴിക്കോട്: ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലാത്ത നേതാവാണ് ശശി തരൂരെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂർ പല സന്ദർഭങ്ങളിലായി പറഞ്ഞത് തനിക്ക് മുമ്പിൽ ഒട്ടേറ രാഷ്ട്രീയവഴികൾ ഉണ്ടെന്നാണ്. ഒരു കോൺഗ്രസുകാരന് മുമ്പിൽ കോൺഗ്രസല്ലാതെ മറ്റേത് വഴിയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പല വിഷയങ്ങളിലും പോരടിക്കുമ്പോൾ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ. ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതനിരപേക്ഷതയുടെ യഥാർഥ പോരാളിയാണ് രാഹുൽ. ഇന്ത്യയിലെ ജനകോടികളെ ആകർഷിക്കാനും അവരുടെ വേദനകൾ മനസ്സിലാക്കാനും കഴിയുന്ന നേതാവാണ് രാഹുലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് മുല്ലപ്പള്ളി പരസ്യവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. അശോക് ഗെഹ്‌ലോട്ട് ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.

Similar Posts