Kerala
മുല്ലപ്പെരിയാർ ഹരജികളിൽ സുപ്രീംകോടതി വിധി ഇന്ന്
Click the Play button to hear this message in audio format
Kerala

മുല്ലപ്പെരിയാർ ഹരജികളിൽ സുപ്രീംകോടതി വിധി ഇന്ന്

Web Desk
|
8 April 2022 1:01 AM GMT

നിലവിലെ അംഗങ്ങളെ മാറ്റാതെ സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറയുക.

ഡല്‍ഹി: മുല്ലപ്പെരിയാർ ഹരജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. നിലവിലെ അംഗങ്ങളെ മാറ്റാതെ സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറയുക. നിലവിലെ മേൽനോട്ട സമിതി ചെയർമാനെ മാറ്റണം എന്ന കേരളത്തിന്‍റെ ഹരജി തള്ളിയ കോടതി കേരളവും തമിഴ്നാടും നിർദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തും.

സമിതിയുടെ ഘടനയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ജല കമ്മീഷൻ ചെയർമാനെയോ, അല്ലെങ്കിൽ അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥനെയോ മേൽനോട്ട സമിതി ചെയർമാൻ ആക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാരിന്‍റെ എതിർപ്പിനെ തുടർന്നാണ് സുപ്രീംകോടതി തള്ളിയത്.

നിലവിലെ മേൽനോട്ട സമിതി ചെയർമാനായ കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എഞ്ചിനീയർ ഗുൽഷൻ രാജിനെ തൽസ്ഥാനത്ത് നിന്നും മാറ്റേണ്ടത് ഇല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സമിതിയിലെ അംഗങ്ങളായ കേരളാ തമിഴ്നാട് ചീഫ് സെക്രട്ടറിമാരെക്കാൾ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് ചെയർമാനെ മാറ്റണം എന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. എന്നാൽ കേരളവും തമിഴ്നാടും നിർദേശിക്കുന്ന ഓരോ വിദഗ്ധ അംഗത്തേയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

പുതിയ ഡാം നിർമിക്കാൻ കേരളം ശ്രമിക്കുന്നു എന്ന് തമിഴ്നാട് ആരോപണം ഉയർത്തിയപ്പോൾ, പുതിയ ഡാം നിർമിക്കൽ മേൽനോട്ട സമിതിയുടെ അധികാര പരിധിയിൽ വരാത്ത കാര്യമാണ് എന്നാണ് സുപ്രീംകോടതി മറുപടി നൽകിയത്. സുരക്ഷാവിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത് എന്നും മറ്റ് വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ പറഞ്ഞു.



Similar Posts