മുല്ലപ്പെരിയാർ മരംമുറി; സർക്കാറിന്‍റെ പ്രതിരോധം പാളുമ്പോഴും മുഖ്യമന്ത്രിയുടെ മൗനം തുടരുന്നു
|എം കെ സ്റ്റാലിൻ അയച്ച കത്തിലൂടെയാണ് വിവാദം പുറത്തെത്തിയതെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സർക്കാറിന്‍റെ പ്രതിരോധം പാളുമ്പോഴും മുഖ്യമന്ത്രിയുടെ മൗനം തുടരുന്നു. എം കെ സ്റ്റാലിൻ അയച്ച കത്തിലൂടെയാണ് വിവാദം പുറത്തെത്തിയതെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ഉദ്യോഗസ്ഥ തല തീരുമാനം മാത്രമായിരുന്നോ വിവാദ ഉത്തരവിലേക്ക് നയിച്ചതെന്ന സംശയം ശക്തമായി.
വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും വിവാദത്തിൻ്റെ തുടക്കം മുതൽ തങ്ങൾ ഒന്നുമറിഞ്ഞില്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുന്നുണ്ട് . മന്ത്രിമാരറിഞ്ഞില്ലെങ്കിലും വകുപ്പിലെ ഉന്നതർ എല്ലാം നേരത്തെ അറിഞ്ഞിരുന്നുവെന്ന് പുറത്ത് വന്ന രേഖകൾ തെളിയിച്ചു. ഇത് സർക്കാരിനെ കൂടുതൽ വെട്ടിലാക്കി. അപ്പോഴും പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങാൻ തയ്യാറായിട്ടില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉന്നത നിർദേശമില്ലാതെ മരംമുറി ഉത്തരവിൻ്റെ ഭാഗമാവില്ലെന്ന് വിശ്വസിക്കുന്നവരും ഏറെ. അതു കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സംശയത്തിൻ്റെ മുന നീളുന്നു.
മറുവശത്ത് വനം മന്ത്രി കടുത്ത നിലപാടിലാണ്. തന്നെ ഇരുട്ടത്ത് നിർത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി വേണമെന്നാണ് എ കെ ശശീന്ദ്രൻ്റെ ആവശ്യം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് പുറമേ ജല, വനം വകുപ്പ് സെക്രട്ടറിമാരും കുറ്റക്കാരാണെന്ന കാര്യത്തിൽ മന്ത്രിക്ക് സംശയമില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാവും.