വിവാദ വഖഫ് നിയമം പിൻവലിക്കുമോ? വ്യക്തതയില്ലാതെ മുസ്ലിം സംഘടനകൾ
|മുസ്ലിം സംഘടനകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമസ്തക്ക് ഉറപ്പ് നൽകിയെങ്കിലും നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിനുള്ള നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന് നടക്കാനിരിക്കെ, വിവാദ തീരുമാനം പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതെ മുസ്ലിം സംഘടനകൾ. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന കാര്യത്തിൽ മുസ്ലിം സംഘടനകളുമായി കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനു പിന്നാലെ, നിയമഭേദഗതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനെതിരെ സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
മുസ്ലിം ലീഗിന്റെയും സമസ്ത ഇ.കെ, എ.പി വിഭാഗങ്ങൾ, മുജാഹിദ് ഇരുവിഭാഗങ്ങൾ തുടങ്ങിയ സംഘടനകളുടെയും പ്രതിനിധികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക. നിയമഭേദഗതി പിൻവലിക്കണമെന്ന നിലപാടാണ് എ.പി വിഭാഗം ഒഴികെയുള്ള സംഘടനകൾക്കുള്ളത്. പി.എസ്.സിക്ക് വിടുന്നതിനെ എതിർക്കാതിരുന്ന എ.പി വിഭാഗം, നിയമനങ്ങൾ സുതാര്യമായിരിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. വിവാദ നിയമം പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗും സമസ്തയും വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തതയില്ലാത്ത നിലപാട്, തുടരുന്ന ആശങ്ക
നിയമനങ്ങൾ പി.എസ്.സിക്ക് വിടരുതെന്ന് മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോൾ, ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത നിലപാടാണ് സർക്കാർ ഇതുവരെ കൈക്കൊണ്ടത് എന്നതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. അതിനൊപ്പം, ചില സംഘടനകളുമായി നേരിട്ട് സംസാരിക്കുക വഴി മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ കോഡിനേഷൻ കമ്മിറ്റിയിൽ വിള്ളലുണ്ടാക്കാൻ സർക്കാർ ശ്രമിച്ചു എന്ന ആരോപണവുമുണ്ട്. നിയമഭേദഗതിക്കെതിരെ പ്രത്യക്ഷ സമരത്തിന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള കോഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തപ്പോൾ, മുഖ്യമന്ത്രി സമസ്ത നേതൃത്വവുമായി സംസാരിക്കുകയും സമരങ്ങളിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്തുക എന്ന കോഡിനേഷൻ കമ്മിറ്റി തീരുമാനത്തിനെതിരെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പരസ്യമായി രംഗത്തുവന്നതോടെ ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി. സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കാതെ നിയമഭേദഗതിയുമായി മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രത്യക്ഷ സമരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത് എന്ന് ജിഫ്രി തങ്ങൾ വിശദീകരിച്ചു. എന്നാൽ, വേണ്ടത്ര ചർച്ച നടത്താതെയാണ് സമരത്തിനില്ലെന്ന തീരുമാനം തങ്ങൾ പ്രഖ്യാപിച്ചതെന്ന വിമർശനം സമസ്തയ്ക്കകത്തും ഉയർന്നു.
അതിനിടെ, മുജാഹിദ് ഇരുവിഭാഗങ്ങളും ജമാഅത്തെ ഇസ്ലാമിയും ചില മഹല്ലുകളിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ച് വഖഫ് ഭേദഗതിക്കെതിരെ ബോധവൽക്കരണം നടത്തി.
വഖഫ് പി.എസ്.സി വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഡിസംബർ ഏഴിന് സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, അബ്ദുസ്സമ്മദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മുസ്ലിം സംഘടനകളുമായി വിശദമായ ചർച്ച നടത്തുമെന്നും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യന്ത്രി ഈ യോഗത്തിൽ ഉറപ്പു നൽകി.
എന്നാൽ, മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ് കണക്കിലെടുക്കാതെ പ്രതിഷേധനടപടികളുമായി മുന്നോട്ടു പോവുകയാണ് മുസ്ലിംലീഗ് ചെയ്തത്. വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ലെന്നും സമരം നിർത്തിവെക്കാറായിട്ടില്ലെന്നും കെ.എൻ.എമ്മും നിലപാടെടുത്തു. ഡിസംബർ ഒമ്പതിന് കോഴിക്കോട്ട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിയും പൊതുസമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു.
വഖഫ് സംരക്ഷണ സമ്മേളനത്തിനു ശേഷം തുടർസമരങ്ങളുമായി മുന്നോട്ടു പോകാൻ ലീഗ് തീരുമാനിച്ചപ്പോൾ കൂടെ നിൽക്കേണ്ടതില്ലെന്ന നിലപാടാണ് സമസ്ത കൈക്കൊണ്ടത്. ലീഗ് അവരുടെ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകട്ടെ എന്നായിരുന്നു ഇക്കാര്യത്തിൽ ജിഫ്രി തങ്ങളുടെ പ്രതികരണം.
സർക്കാർ നിലപാട് വിശദീകരിച്ച് മന്ത്രി
വഖഫ് ബോർഡിലെ പി.എസ്.സി നിയമന വിഷയത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യത്തിൽ മുസ്ലിം സംഘടനകൾക്കിടയിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് മാർച്ച് 15-ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നുമാണ് മന്ത്രി സഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞത്.
ഇതോടെയാണ്, മുഖ്യമന്ത്രി സമസ്തയ്ക്ക് നൽകിയ ഉറപ്പ് സംബന്ധിച്ചുള്ള ആശങ്ക മുസ്ലിം സംഘടനകൾക്കിടയിൽ ശക്തമായത്. മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഫോണിൽ ഉറപ്പ് നൽകിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് ചിലർ പറഞ്ഞപ്പോൾ ലീഗ് മുന്നറിയിപ്പ് നൽകിയെന്നും എന്നാൽ പ്രതീക്ഷിച്ചത് മാത്രമാണ് സംഭവിച്ചിരിക്കുന്നത് എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവനയെപ്പറ്റി ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം.
വഖഫ് - പി.എസ്.സി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പും വകുപ്പുമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയും തമ്മിലുള്ള ആശയക്കുഴപ്പം നിലനിൽക്കവെയാണ് മുഖ്യമന്ത്രി മുസ്ലിം സംഘടകളുടെ യോഗം വിളിച്ചത്.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന നിലപാടാവും ഇന്ന് നടക്കുന്ന യോഗത്തിൽ മുസ്ലിം ലീഗും സമസ്തയുമടക്കം കൈക്കൊള്ളുക. ഈ ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് പി.എം.എ സലാമും സമസ്ത പ്രതിനിധി നാസർ ഫൈസി കൂടത്തായിയും പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാറും അനുഭാവപൂർവമായ നിലപാടെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനവും മറ്റൊരു മതസ്ഥാപനത്തിന്റെയും മേലില്ലാത്ത നിയമവുമായതിനാൽ സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ ആവശ്യപ്പെടുമെന്ന് 'മെക്ക' വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോർഡിലെ ഇരുന്നൂറോളം ജീവനക്കാരിൽ നേരിട്ട് നിയമിക്കപ്പെടുന്നത് നാമമാത്രമാണ്. നിലവിൽ മൂന്നുപേരുടെ ഒഴിവ് മാത്രമാണുള്ളത്. റിട്ടയർമെന്റ്, മരണം എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് വിടേണ്ട കാര്യമില്ലെന്നും പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മെക്ക പ്രസ്താവനയിൽ പറഞ്ഞു.