മുനമ്പം വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പരാതി
|പരാമർശത്തിൽ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് എഐവൈഎഫ്
കൊച്ചി: മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ആണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഡിജിപിക്ക് പരാതി സമർപ്പിച്ചു.
മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോർഡിനെ കിരാതം എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചിരുന്നു. കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു പരോക്ഷ വിമർശനം. ഈ പരാമർശം മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നൽകുന്നതുമാണെന്നാണ് എഐവൈഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
വാവര് പള്ളിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ കലാപാഹ്വാനം നടത്തിയെന്നും എഐവൈഎഫ് പരാതിയിൽ പറയുന്നുണ്ട്. ഗോപാലകൃഷ്ണന്റെ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ പോന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.