മുനമ്പം വഖഫ് ഭൂമി; സിപിഎമ്മും മുസ്ലിം ലീഗും നേർക്കുനേർ
|വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തത് റഷീദലി തങ്ങൾ ചെയർമാനായിരുന്ന കാലത്തെന്ന് മന്ത്രിമാർ. പ്രശ്നം വഷളാക്കിയത് ഇടതുസർക്കാരെന്ന് കുഞ്ഞാലിക്കുട്ടി.
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ മുസ്ലിം ലീഗും സിപിഎമ്മും നേർക്കുനേർ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഉത്തരവിറക്കിയത് പാണക്കാട് റഷീദലി തങ്ങൾ വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്താണെന്നായിരുന്നു മന്ത്രി പി. രാജീവ് പറഞ്ഞത്. എന്നാൽ ഇത് നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. മന്ത്രി പി. രാജീവ് പറഞ്ഞത് തെറ്റാണ്. ഇടത് സർക്കാരിന്റെ മന്ത്രിസഭാ തീരുമാനമാണ് പ്രശ്നത്തിന് കാരണമായത്. മുനമ്പം വിഷയം സങ്കീർണമാക്കുന്നത് സംസ്ഥാന സർക്കാരാണ്. പ്രശ്നം പരിഹരിക്കാതെ അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാത്തിനും രേഖകളുണ്ടെന്ന കാര്യം പ്രതിപക്ഷ ഉപനേതാവ് മറക്കരുതെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ മുന്നറിയിപ്പ്. മുനമ്പം രാഷ്ട്രീയ വിഷയമല്ല. സെൻസിറ്റീവ് വിഷയമാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും താൽപ്പര്യമുണ്ടാവും. റഷീദലി തങ്ങൾ വഖഫ് ആയി രജിസ്റ്റർ ചെയ്തപ്പോൾ യോഗം വിളിക്കാമായിരുന്നു. അത് ചെയ്തില്ല. ഉത്തരവാദിത്തത്തിൽനിന്ന് ലീഗിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ സർക്കാർ മുനമ്പം ഭൂമിയുടെ നികുതി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയത് എം.സി മായിൻഹാജിയും അഡ്വ. സൈനുദ്ദീനുമാണെന്നും മന്ത്രി പറഞ്ഞു.