Kerala
Munambam is Waqf land; Resort mafia behind the protest, VD Satheesan is their agent: Alleges National League, Munambam waqf land, Munambam land row, NK Abdul Azeez
Kerala

മുനമ്പത്തേത് വഖഫ് ഭൂമി; സമരത്തിനു പിന്നിൽ റിസോർട്ട് മാഫിയ, വി.ഡി സതീശൻ ഇവരുടെ ഏജന്റ്-നാഷനൽ ലീഗ്

Web Desk
|
15 Nov 2024 10:54 AM GMT

'വഖഫ് ഭൂമിയിൽ നിലയുറപ്പിച്ച ബാർ മുതലാളിമാരുടെയും റിസോർട്ട് മുതലാളിമാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപിക്ക് അനുകൂലമായ നിലപാടിൽ സതീശൻ എത്തിയത്'

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ്. ഇവിടെ നടക്കുന്ന സമരത്തിനു പിന്നിൽ റിസോർട്ട് മാഫിയയാണെന്നും ഇവരുടെ ഏജന്റ് ആയി മാറിയിരിക്കുകയാണ് വി.ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. വൻകിടകൾക്ക് വേണ്ടി പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗും ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ രേഖകളും ഇത് വഖഫാണെന്നു പറയുന്നുണ്ടെന്നും വഖഫ് ഭൂമി അവകാശികൾക്കു കൈമാറണമെന്നും അബ്ദുൽ അസീസ് പറഞ്ഞു.

ആർഎസ്എസിനും കാസ ഉൾപ്പെടെയുള്ള തീവ്ര ക്രിസ്ത്യൻ സംഘടനകൾക്കും പിന്തുണ നൽകുന്ന പ്രസ്താവനകളാണ് വി.ഡി സതീശന്റെ ഭാഗത്തുനിന്നു പുറത്തുവരുന്നത്. മുനമ്പത്ത് സ്വന്തമല്ലാത്ത ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികളെ പരിചയാക്കി സതീശനും മുസ്‌ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളും റിസോർട്ട്-ബാർ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾക്കു വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ്. കോടതിവിധികളും ബന്ധപ്പെട്ട രേഖകളും ഇതു വഖഫാണെന്നു തെളിയിക്കുന്നുണ്ടെന്നും എൻ.കെ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

''പാർലമെന്റിലെ പുതിയ വഖഫ് ബില്ലിന്റെ അടിസ്ഥാനത്തിൽ ബിജെപിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന പ്രചാരണങ്ങൾക്ക് അനുഗുണമായ നിലപാടാണ് വി.ഡി സതീശൻ സ്വീകരിച്ചത്. വഖഫ് ഭൂമിയിൽ നിലയുറപ്പിച്ച ബാർ മുതലാളിമാരുടെയും റിസോർട്ട് മുതലാളിമാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപിക്ക് അനുകൂലമായി പോലും സതീശൻ ഇത്തരമൊരു നിലപാടിലേക്കു പോയത്. ഇതുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളിലെല്ലാം കോടതികൾ വ്യക്തമാക്കിയത് ഇതു വഖഫ് ബോർഡ് ആണെന്നാണ്. ഇതു വഖഫ് ഭൂമി തന്നെയാണെന്ന് 1975ൽ കേരള ഹൈക്കോടതി അന്തിമവിധി പറയുകയും ചെയ്തിട്ടുണ്ട്.''

1960ൽ മുനമ്പത്ത് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളജ് ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ സ്ഥലം സന്ദർശിച്ച ഭാരവാഹികൾക്കെതിരെ പ്രദേശവാസികൾ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയും സ്ഥലത്തേക്കുള്ള പ്രവേശനം തടയുകയും ചെയ്തു. ഈ നടപടിക്കെതിരെ അന്ന് കേരള നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രമേയത്തിന് അനുമതി നിഷേധിച്ച് അന്നത്തെ പട്ടം താണുപിള്ള സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോ, ഈ ഭൂമി ഫാറൂഖ് കോളജിന്റേതാണെന്നാണ് കോടതിയുടെയും സർക്കാരിന്റെയും തീരുമാനമെന്നാണു വ്യക്തമാക്കിയതെന്നും എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു.

നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, കോഴിക്കോട് ജില്ലാ നാഷനൽ ലീഗ് പ്രസിഡന്റ് ഷർമദ് ഖാൻ, വൈസ് പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Summary: Munambam is Waqf land; Resort mafia behind the protest, VD Satheesan is their agent: Alleges National League

Similar Posts