'ഭാര്യാപിതാവ് ഇപ്പോഴും ഈ മണ്ണിനടിയിലുണ്ട്.. രണ്ടുദിവസമായി എന്തുചെയ്യണമെന്നറിയാതെ അലയുകയാണ് '; ഉറ്റവരെ കാത്ത് നെഞ്ചുപൊട്ടി ബന്ധുക്കള്‍
|'അളിയന്റെ മൃതദേഹം ഈ മുറ്റത്ത് നിന്നാണ് കിട്ടിയത്. രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ അവരുടെ ദേഹത്തേക്ക് മണ്ണും ചെളിയും വന്നുപതിക്കുകയായിരുന്നു'
മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടവരെ തിരഞ്ഞു നെഞ്ചുപൊട്ടുകയാണ് ഉറ്റവരും ബന്ധുക്കളും. ഏറെ നാശം വിതച്ച വില്ലേജ് റോഡിൽ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന നിഗമനത്തിൽ വില്ലേജ് റോഡിൽ ഇന്ന് രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.
അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി ഭാര്യയുടെ പിതാവിന്റെ മൃതദേഹം കണ്ടെടുക്കാനായി എന്തുചെയ്യണമെന്നറിയാതെ അലയേണ്ടിവന്നതായി ബന്ധുക്കളിലൊരാൾ പറയുന്നു.
'വില്ലേജ് റോഡിലുള്ള റോഡിൽ വെള്ളം കയറിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും സമീപത്തെ വീടിന്റെ ടെറസിലേക്ക് മാറ്റിയിരുന്നു. ടെറസിലെ ഷീറ്റിട്ട ഭാഗത്ത് 10 ഓളം പേരുണ്ടായിരുന്നു. രാത്രി 12 മണി കഴിഞ്ഞപ്പോ പട്ടി കരയുന്ന ശബ്ദം കേട്ടാണ് ഭാര്യാപിതാവും സഹോദരനും താഴേക്കിറങ്ങി..അപ്പോഴാണ് ഉരുള്‍ പൊട്ടി ആദ്യത്തെ വെള്ളം വന്നത്..ടെറസിന്റെ മുകളിലൂടെ വെള്ളം കയറിപ്പോയി. എല്ലായിടത്തും നിന്നും കരച്ചിലും നിലവിളികളും മാത്രമായിരുന്നു'. അദ്ദേഹം പറയുന്നു.
'വെള്ളമുണ്ടയിലുള്ള തന്നെ ഇക്കാര്യം വിളിച്ചു പറഞ്ഞു..ഞങ്ങളാണ് മേപ്പാടി ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. രണ്ടുമണിയോടെ സ്ത്രീകളെയും കുട്ടികളെയും ആരൊക്കയോ ചേർന്ന് മുകളിലെത്തെ റോഡിലെത്തിച്ചിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ ഉരുൾപൊട്ടിയത്. ഭാര്യാസഹോദരനും പിതാവും ആ സമയത്ത് മുറ്റത്തായിരുന്നു. അവരെയും കൊണ്ടാണ് ചളിയും വെള്ളവും ഒലിച്ചുപോയത്. അളിയന്റെ ബോഡി മുറ്റത്ത് നിന്ന് കിട്ടി. ഭാര്യാപിതാവിന്റെ ബോഡി ഇനിയും കിട്ടിയിട്ടില്ല. അത് ഈ മുറ്റത്ത് നിന്ന് പോയിട്ടുണ്ടാകില്ലെന്നാണ് ഇവിടെയുണ്ടായിരുന്നവർ പറയുന്നത്. ഇതറിഞ്ഞ് വെള്ളമുണ്ടയിൽ നിന്നെത്തിയ എന്നെ വഴിയില്‍ തടഞ്ഞു. പൊലീസും മറ്റ് സംവിധാനങ്ങളും കടത്തിവിട്ടപ്പോൾ വളണ്ടിയർമാർ ഞങ്ങള്‍ക്ക് നേരെ ആക്രോശിച്ചു.. ഇന്നലെ ഒരു ദിവസം മുഴുവൻ എന്നെ ഇങ്ങോട്ട് കടത്തിവിട്ടില്ല. ഈ വീട് കാണിച്ചുകൊടുത്താലല്ലേ ആ മൃതദേഹം എടുക്കാനാകൂ. ആരും ഈ വഴിക്ക് വന്നില്ല. ഞങ്ങള്‍ രണ്ടുമൂന്ന് ദിവസമായി അലഞ്ഞു നടക്കുകയാണ്'. കണ്ണീരോടെ ഇദ്ദേഹം പറയുന്നു.