മുണ്ടക്കൈ ദുരന്തം: 'ആക്ച്വൽ' കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാവണം
|ചില സംഘടനകളുടെ ഭക്ഷണവിതരണത്തിൽനിന്ന് വിലക്കിയത് കള്ളക്കണക്ക് ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണക്കുകൾ വിവാദമായതോടെ അത് എസ്റ്റിമേറ്റ് ആണെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ റിപ്പോർട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില സംഘടനകളുടെ ഭക്ഷണവിതരണത്തിൽനിന്ന് വിലക്കിയത് കള്ളക്കണക്ക് ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിൽനിന്ന് സഹായം ലഭിക്കാൻ വേണ്ടിയാണെങ്കിൽ യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ നൽകുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണം. കേന്ദ്ര സർക്കാർ പ്രതിനിധികൾ ഇവിടെയെത്തി പരിശോധന നടത്തിയതാണ്. പുനരധിവാസത്തിന് കൂടുതൽ സഹായം ആവശ്യമാണെന്ന് കാണിച്ച് കണക്ക് നൽകുകയാണ് ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.