Kerala
Mundakai Landslide Unidentified bodies to be buried in public graveyards
Kerala

മുണ്ടക്കൈ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

Web Desk
|
2 Aug 2024 4:15 PM GMT

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃത​ദേഹങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇതുവരെ 344 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചത്. ഇവരിൽ 29 പേർ കുട്ടികളാണ്. 146 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇന്ന് 14 മൃതദേഹങ്ങളാണ് തിരച്ചിലിൽ ലഭിച്ചത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.

134 ശരീരഭാ​ഗങ്ങളാണ് ഇതുവരെ ദുരന്തഭൂമിയിൽ നിന്നും കണ്ടെത്തിയത്. 207 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 62 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. 27 മൃതദേഹങ്ങളാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയത്. ഇതുവരെ 119 മൃതദേഹങ്ങളും 87 ശരീരഭാ​ഗങ്ങളും ബന്ധുക്കൾക്ക് കൈമാറി.

273 പേരെയാണ് ദുരന്തപ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 84 പേരാണ് ചികിത്സയിലുള്ളത്. 187 പേർ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

Similar Posts