Kerala
mundakkai landslide
Kerala

''എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങളും ഓടി''; നടുക്കം വിട്ടുമാറാതെ നാട്ടുകാരി

Web Desk
|
1 Aug 2024 2:31 AM GMT

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്

വയനാട്: ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല....തങ്ങള്‍ ഇപ്പോഴും രക്ഷപ്പെട്ടുവെന്ന്. ജീവന്‍ കയ്യില്‍ പിടിച്ചുള്ള ഓട്ടത്തിനിടയില്‍ കാടും മലയും താണ്ടിയതൊന്നും അവരറിഞ്ഞിട്ടില്ല. ഉരുള്‍ പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഉഴലുകയാണ് സന്നദ്ധപ്രവര്‍ത്തകര്‍. 82 ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്. ഇവരില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുണ്ട്, ഒരായുസിന്‍റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ കിടപ്പാടം നഷ്ടമായവരുണ്ട്.. ആ നടുക്കത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൗണ്‍സലിംഗൊന്നും കൊടുക്കാന്‍ പറ്റിയില്ലെങ്കിലും മാനസിക പിന്തുണ കൊടുക്കുന്നുണ്ടെന്ന് പറയുകയാണ് പ്രവര്‍ത്തകര്‍. ഉരുള്‍ പൊട്ടുന്ന ശബ്ദം കേട്ട് നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയവര്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീട് അവിടെയുണ്ടോ ഇല്ലയോ എന്നുപോലും അറിയില്ലെന്ന് ഒരു നാട്ടുകാരി പറഞ്ഞു.

''രണ്ടു മണിക്കേ ഞങ്ങള്‍ എഴുന്നേറ്റിരുന്നു. വെള്ളം പോകുന്ന ശബ്ദം കേട്ടിരുന്നു. വലുതായി പൊട്ടിയത് നാലു മണിക്കായിരുന്നു. എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങളും ഓടി. അന്നേരം വെള്ളം ഏകദേശം പാലത്തിനടുത്ത് എത്തിയിരുന്നു. കുട്ടികളെയും മേലെ ഒരു വീട്ടില്‍ കയറി ഇരുന്നു. അപ്പോള്‍ ആ വീട്ടുകാരും അവിടെ നിന്ന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അവിടെ നിന്നും ഓടി. കുറച്ചു ചെന്നപ്പോള്‍ ഒരു വീട് കണ്ടു. ഇനിയോടുന്നത് അപകടകരമാണ്, ഇതൊരു കുന്നാണ് .പടച്ചോനെ വിചാരിച്ച് ഇവിടെ നിന്നോളൂ എന്ന് അവിടുത്തെയാള്‍ പറഞ്ഞു. ഞങ്ങടെ വീട് പോയോ ഇല്ലയോ എന്നൊന്നും അറിയില്ല. രാത്രി ഇറങ്ങി ഓടിയതല്ലേ. പാലത്തിനടുത്തുള്ള വീടുകള്‍ പോയിട്ടുണ്ട്'' നാട്ടുകാരി പറയുന്നു.

''ചൂരല്‍മല ടൗണിനടുത്താണ് ഞങ്ങളുടെ വീട്. ഞാനും എന്‍റെ മക്കളും മഴയ്ക്കു മുന്നേ അവിടെ നിന്നും പോയിരുന്നു. ഭര്‍ത്താവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കഴുത്തൊപ്പം ചെളിയിലായിരുന്നു. ഒരു വിധത്തില്‍ ജനലിലൂടെ ചാടിയതുകൊണ്ട് രക്ഷപ്പെട്ടതാ.'' മറ്റൊരു ചൂരല്‍മല സ്വദേശി പറഞ്ഞു.



Related Tags :
Similar Posts