മുണ്ടക്കൈ ദുരന്തം; തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും
|ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ വീണ്ടും തിരച്ചിൽ നടത്തും
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിൻ്റെ തീരങ്ങളിലും തിരച്ചിൽ നടത്തും. ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
നിലമ്പൂരിലെ ഉള്‍വനത്തിലും മറ്റും നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കുന്നത് തടയാൻ മേപ്പാടിയിൽ ഇന്ന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്, കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സമഗ്രമായ പഠനം നടത്താൻ അമിക്ക്യസ് ക്യൂറിയെ കോടതി നിയോഗിച്ചിരുന്നു. ജില്ലാതലത്തിൽ പാരിസ്ഥിതിക പഠനം നടത്തി ജിയോ മാപ്പിംഗ് നടത്തുന്ന സാധ്യത പരിശോധിക്കാനും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.