Kerala
high court of kerala
Kerala

മുണ്ടക്കൈ ദുരന്തം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

Web Desk
|
30 Oct 2024 1:06 AM GMT

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി

കൊച്ചി: മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രത്യേക ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന്, SDRF ഫണ്ടിൽ നിന്ന് കേരളത്തിന് തുക ചെലവഴിക്കാമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു.

പുനരധിവാസത്തിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ (എൻഡിആർഎഫ്) നിന്നുള്ള വിഹിതം പിന്നീട് നൽകുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം പറഞ്ഞത് പോലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള വി​ഹിതം മാത്രം മതിയാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ബാങ്ക് ലോണുകൾ സംബന്ധിച്ച് തീരുമാനം എന്തായെന്ന് കോടതി ചോദിച്ചപ്പോൾ ചർച്ച ചെയ്ത് വിശദീകരണം അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

പ്രത്യേക ധനസഹായം നൽകാത്തത് സംബന്ധിച്ച് കേന്ദ്രത്തോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്, കേരളത്തിന് 700 കോടിയിലധികം ദുരിതാശ്വാസ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം നിലപാടറിയിച്ചത്. ഉന്നത സമിതിയുടെ പഠനത്തിനുശേഷം എൻഡിആർഎഫ് വിഹിതം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.



Similar Posts