Kerala
mundakkai landslide
Kerala

'കുടുകുടാന്നുള്ള ശബ്ദം കേട്ടപ്പോള്‍ ഇറങ്ങിയോടി, ഓടുമ്പോള്‍ കാല്‍ച്ചുവട്ടിലേക്ക് വെള്ളം വരുന്നുണ്ട്'; ദുരന്തത്തിന്‍റെ നടുക്കത്തില്‍ നാട്ടുകാരന്‍

Web Desk
|
2 Aug 2024 2:17 AM GMT

2019ല്‍ ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായ സമയത്ത് മുണ്ടക്കൈയില്‍ നിന്നും മാറിയിരുന്നു

വയനാട്: മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 560ലേറെ ആളുകളാണ് കഴിയുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിയുന്ന ക്യാമ്പാണിത്. പ്രിയപ്പെട്ടവരെയും കിടപ്പാടവും നഷ്ടപ്പെട്ടവരാണ് ഇവിടെ കൂടുതലും. നെഞ്ചുനുറുങ്ങുന്ന വേദനയില്‍ ഓരോ നിമിഷവും തള്ളിനീക്കുകയാണ് അവര്‍. പൊട്ടുന്ന ശബ്ദം കേട്ട് ഇറങ്ങിയോടിയതുകൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഒരു നാട്ടുകാരന്‍ പറയുന്നു.

''2019ല്‍ ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായ സമയത്ത് മുണ്ടക്കൈയില്‍ നിന്നും മാറിയിരുന്നു. പിന്നെ കുറച്ചു പെര നാശമാവില്ലേ എന്നു കരുതി മോനും കുടുംബവും ഇങ്ങോട്ട് തന്നെ പോന്നു. ഒരു തവണ മണ്ണിടിച്ചിലുണ്ടായപ്പോള്‍ വീടിനു മുകളിലേക്ക് മണ്ണ് വീണിരുന്നു. അപ്പോള്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായി. പിന്നെ മഴ വരുമ്പോള്‍ മാറും . മരവും കല്ലും വന്നടിച്ചിട്ട് കുടുകുടു എന്ന ശബ്ദമാണ് ആദ്യം കേട്ടത്. 2019ലും അങ്ങനെ തന്നെയായിരുന്നു. ഞാനും മോനും ടൗണിലായിരുന്നു. അവിടെ നിന്നും ഞങ്ങളോടി. ഒരു മൂന്നരയായിട്ടുണ്ടാകും. അരമണിക്കൂറോളം കുടു കുടു ന്നുള്ള ശബ്ദം കേട്ടിരുന്നു. രണ്ടാമത്തെ പൊട്ട് പൊട്ടിയപ്പോഴാണ് പുഞ്ചിരിമട്ടത്ത് നിന്നും ആളുകള്‍ ഇറങ്ങിവന്നത്. താഴേക്കാണോ മേലക്കാണോ പോണ്ടതെന്ന് അറിയില്ലല്ലോ...കാടല്ലേ. ഒന്നായിട്ട് ഇങ്ങനെ വരുമെന്ന് അറിയില്ല. ഓടുന്ന ഓട്ടത്തിനിടയില്‍ കാലിന്‍റെ ചോട്ടിലേക്ക് വെള്ളം വരുന്നുണ്ട്'' നാട്ടുകാരന്‍ പറഞ്ഞു.

ദുരന്തമുണ്ടായിട്ട് മുകളിലേക്ക് കയറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഒരു ചൂരല്‍മല നിവാസി പറഞ്ഞു. ഞാനും ഭാര്യയും അച്ഛനുമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആ സമയത്ത് ഞങ്ങള്‍ കുന്നിന്‍ മുകളിലേക്ക് കയറി...അദ്ദേഹം പറയുന്നു.

Related Tags :
Similar Posts