'ലോകം ഇടിഞ്ഞുവരുന്നതുപോലെയാണ് തോന്നിയത്, പേടിച്ച് നേരം വെളുപ്പിക്കുകയായിരുന്നു'; ദുരന്തം കണ്ണില്‍ നിന്നും മായാതെ അബൂബക്കര്‍
|മഹാദുരന്തം നേരിട്ട് കണ്ടതിന്‍റെ ഞെട്ടലിലാണ് അയൽവാസി അബൂബക്കര്‍
വയനാട്: താസിച്ചിരുന്ന വീട് ഒലിച്ചു പോവുക, അതേ സ്ഥലത്ത് നിന്ന് പ്രിയപ്പെട്ട നാട്ടുകാരുടെ മൃതദേഹങ്ങൾ കോരിയെടുക്കേണ്ടി വരിക, നടുക്കുന്ന അനുഭവങ്ങളിലൂടെയാണ് ചൂരൽമല സ്വദേശി അണ്ണയ്യൻ കടന്നുപോയത്. മഹാദുരന്തം നേരിട്ട് കണ്ടതിന്‍റെ ഞെട്ടലിലാണ് അയൽവാസി അബൂബക്കര്‍.
''എന്‍റെ സ്ഥലത്ത് ഉരുള്‍പൊട്ടിയിട്ട് വീടും രണ്ടേക്കര്‍ കാപ്പിത്തോട്ടവും നഷ്ടപ്പെട്ടുപോയി. അന്‍പതോളം മൃതദേഹങ്ങള്‍ എന്‍റെ സ്ഥലത്തു നിന്നും മാത്രമായി കണ്ടെത്തി. അയല്‍വാസികളുടെ വീടുകളൊക്കെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഞങ്ങള്‍ക്കന്ന് രാത്രി വില്ലേജ് കടന്ന് പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പരിസരത്തു മൊത്തം വെള്ളമായിരുന്നു. ഞങ്ങള്‍ കാടിനകത്തേക്ക് ഓടിക്കയറി. എന്‍റെ സഹപ്രവര്‍ത്തകന്‍ വി.കെ അബൂബക്കറിന് കാലിന് സുഖമില്ല. അദ്ദേഹത്തിന്‍റെ ജീവിതമാര്‍ഗമായി ചെറിയ കടയും പോയി. വളരെ മനോഹരമായ സ്ഥലമായിരുന്നു ഇത്...എല്ലാം നഷ്ടപ്പെട്ടു. പലര്‍ക്കും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. അതൊക്കെ വേദനയുണ്ടാക്കുന്നതാണ്. പന്ത്രണ്ടോളം മൃതദേഹങ്ങള്‍ ഞാന്‍ തന്നെയാണ് വലിച്ചെടുത്തത്'' അണ്ണയ്യന്‍ പറയുന്നു.
''പഴയൊരു വീടും അതിനോട് ചേര്‍ന്ന് ചെറിയൊരു കടയുമാണ് എനിക്കുണ്ടായിരുന്നത്. അതു രണ്ടും മണ്ണും ചെളിയും മരങ്ങളും വന്നടിഞ്ഞ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആ വീട്ടിലാണ് എന്‍റെ ജ്യേഷ്ഠന്‍റെ മകനും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നത്. ഒരു സെക്കന്‍റ് വൈകിയിരുന്നെങ്കില്‍ അവരെ നഷ്ടപ്പെടുമായിരുന്നു. ഭാര്യ ഒഴുകിപ്പോയിരുന്നു. എന്‍റെ മകന്‍ മുടിയില്‍ പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അതുപോലെ രണ്ടു മക്കളെയും അവര്‍ രക്ഷപ്പെടുത്തി. ഒരു മണി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ പൊട്ട് വരുന്നത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആ വെള്ളം വലിയുകയും ചെയ്തു. മൂന്നു മണിയോടെയാണ് രണ്ടാമത്തെ പൊട്ടലുണ്ടാകുന്നത്. ലോകം ഇടിഞ്ഞുവരുന്നതുപോലെയുള്ള സൗണ്ടായിരുന്നു. പേടിച്ചാണ് നേരം വെളുപ്പിച്ചത്. നേരം വെളുത്തപ്പോള്‍ കുടുംബാംഗങ്ങളെ അവിടെ നിന്നും മാറ്റുകയായിരുന്നു'' അബൂബക്കര്‍ പറഞ്ഞു.