Kerala
Wayanad Relief, The State Disaster Management Authority, Center, special assistance, latest news malayalam, വയനാട് ദുരിതാശ്വാസം; കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Kerala

മുണ്ടക്കൈ ദുരിതാശ്വാസത്തിന് എത്ര കോടി വേണം? സർക്കാർ 'എസ്റ്റിമേറ്റി'ലെ 'ആക്ച്വൽ' കണക്കുകൾ

Web Desk
|
16 Sep 2024 3:37 PM GMT

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ, വിശദീകരണത്തിനുശേഷവും പുറത്തുവന്ന രേഖയെക്കുറിച്ച അവ്യക്തത പൂർണമായി നീങ്ങിയില്ല

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിനും രക്ഷാപ്രവർത്തനത്തിനും ഉൾപ്പെടെ സർക്കാർ കണക്കാക്കുന്ന ചെലവിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നു. ഒരു മൃതദേഹത്തിന് 75,000 എന്ന നിരക്കിൽ 359 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 2.76 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായി ചെലവ് പത്തു കോടി. ഇതിനു പുറമെ രക്ഷാപ്രവർത്തനത്തിനും അടിയന്തര ആവശ്യങ്ങൾക്കും ദുരിതാശ്വാസ ക്യാംപിലുമെല്ലാം വരുന്ന ചെലവുകളും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

അമിക്കസ്‌ക്യൂറി റിപ്പോർട്ടിനൊപ്പം സർക്കാർ സമർപ്പിച്ച സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എസ്റ്റിമേറ്റ് കണക്കിലാണ് കോടികളുടെ ചെലവുകൾ വിശദീകരിച്ചിരിക്കുന്നത്. പ്രതീക്ഷിത (estimates) ചെലവ്, യഥാർഥ (actuals) ചെലവ് എന്നിങ്ങനെയാണ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ചെലവിട്ട തുകയുടെ സർക്കാർ കണക്കാണ് പുറത്തുവന്നത് എന്ന പ്രചാരണമുയർന്നതോടെ ഈ കണക്കുകൾ വിവാദമായി. ഇതോടെ പുറത്തുവന്നത് യഥാർഥ ചെലവിന്റെ കണക്കാണെന്ന വാർത്തകൾ മുഖ്യമന്ത്രി നിഷേധിച്ചു. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വിശദീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനുശേഷവും പുറത്തുവന്ന രേഖയെക്കുറിച്ച അവ്യക്തത പൂർണമായി നീങ്ങിയില്ല. കോടതിയിൽ സമർപ്പിച്ച രേഖയിൽ ചില കണക്കുകൾ എസ്റ്റിമേറ്റ്സ് ആയും ചിലത് ആക്ച്വൽസ് ആയും രേഖപ്പെടുത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കാതിരുന്നതിനാലാണ് ആശയക്കുഴപ്പം തുടരുന്നത്.

കണക്കിലെ 'ആക്ച്വൽസ്'

ആക്ച്വൽസ് എന്ന് രേഖപ്പെടുത്തിയ ചില കണക്കുകൾ ഇങ്ങനെയാണ്:

സൈന്യത്തിന്റെയും രക്ഷാപ്രവർത്തകരുടെയും താമസവും ഗതാഗതവും:

-റോഡുമാർഗമുള്ള വളണ്ടിയർമാരുടെയും സൈന്യത്തിന്റെയും ഗതാഗതം: നാല് കോടി

-വളണ്ടിയർമാർക്കും സൈന്യത്തിനുമുള്ള ഭക്ഷണ-ജലവിതരണം: പത്ത് കോടി

-വളണ്ടിയർമാരുടെയും സൈന്യത്തിന്റെയും താമസം: 15 കോടി

-രക്ഷാപ്രവർത്തനത്തിനു വേണ്ടിയുള്ള വാഹനങ്ങൾ: 12 കോടി

-ബെയ്ലി പാലം നിർമാണം: ഒരു കോടി

-ടോർച്ച്, റെയിൻ കോട്ട്, കുട, ഗം ബൂട്ടുകൾ: 2.98 കോടി

-വളണ്ടിയർമാരുടെയും സൈനികരുടെയും വൈദ്യപരിചരണം: 2.02 കോടി

രക്ഷാപ്രവർത്തനം:

-ഐബിഒഡി, ഡ്രോൺ, റഡാർ: മൂന്ന് കോടി

-ജെസിബി, ഹിറ്റാച്ചി, ക്രെയിൻ ഉൾപ്പെടെ വലിയ സജ്ജീകരണങ്ങൾ: 15 കോടി

-മൃതദേഹങ്ങളുടെ ഡിഎൻഎ സാംപ്ലിങ്: മൂന്ന് കോടി

താൽക്കാലിക ഭക്ഷണ-താമസ സൗകര്യങ്ങൾ:

-ഭക്ഷണം: എട്ട് കോടി

-വസ്ത്രം: 11 കോടി

-മെഡിക്കൽ കെയർ: എട്ട് കോടി

-ജനറേറ്റർ: ഏഴ് കോടി

മൃതദേഹം സംസ്‌കരിക്കൽ:

ഒരു മൃതദേഹം/മൃതദേഹഭാഗം സംസ്‌കരിക്കാൻ 75,000 രൂപ വീതം ആകെ 2.76 കോടി രൂപ.

ദുരന്തബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് മൂന്നു കോടിയും, ഒരു കിലോമീറ്റർ വിസ്തൃതിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ 60 ദിവസത്തേക്ക് 36 കോടിയും ആണ് എസ്റ്റിമേറ്റ് തുക. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചട്ടപ്രകാരമാണ് കണക്കുകൾ തയാറാക്കിയതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. യഥാർഥ കണക്ക് 1,600 കോടി രൂപയോളം വരുമെന്നും അധികൃതർ വിശദീകരിക്കുന്നു.

മുഖ്യമന്ത്രിയുടെ വിശദീകരണം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നായിരുന്നു വൈകീട്ട് പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചത്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണെന്നും

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണു തെറ്റായി അവതരിപ്പിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ ആരോപിച്ചു.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരുപ്പിച്ചുകാട്ടി എന്നതടക്കമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

യഥാർഥ കണക്ക് പുറത്തുവിടണമെന്ന് പ്രതിപക്ഷം

പുറത്തുവന്ന റിപ്പോർട്ട് വിവാദമായതോടെ വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിൽ ചെലവായ തുകയുടെ യഥാർഥ കണക്ക് പുറത്തുവിടണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടത്. അതിന് സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 2018ലെ പ്രളയദുരിതാശ്വാസനിധി തട്ടിപ്പ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കോവിഡ് കാല തട്ടിപ്പ് എന്നിവയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇടതുസർക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സർക്കാരിന്റെ പ്രവർത്തികളെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയും ദുരന്തബാധിത പ്രദേശത്തേക്ക് വാളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപയും ചെലവിട്ടതായാണ് കണക്ക്. 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാൻ 2.76 കോടി രൂപ ചെലവിട്ടെന്ന കണക്ക് അവിശ്വസനീയമാണ്. ഇത്രയും തുക എങ്ങനെ ചെലവായി എന്ന് സർക്കാർ വിശദീകരിക്കണം. പുത്തുമലയിലാണ് ശവസംസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ചെലവ് ഒഴിച്ചാൽ എത്ര തുക പരമാവധി ചെവലവാകുമെന്ന് എല്ലാവർക്കുമറിയാം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിന് വിശദമായ കണക്ക് സമർപ്പിക്കേണ്ടിവന്നത്. ഇല്ലെങ്കിൽ ഇതൊന്നും പുറത്തുവരില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെയാണ് സർക്കാർ അപമാനിച്ചത്. വയനാടിന്റെ കരളലയിക്കുന്ന ദുരന്തത്തിൽ മനസലിഞ്ഞ് മുണ്ടുമുറുക്കിയുടുത്ത് സഹായഹസ്തം നീട്ടിയവരെയാണ് സർക്കാർ വഞ്ചിച്ചത്. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സർക്കാർ കൈയിട്ടുവാരിയതെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി.

മുണ്ടക്കൈ ദുരന്തത്തിൽ സർക്കാർ ചെലവഴിച്ചെന്ന് പറയുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണെന്നായിരുന്നു മുസ്‌ലിം യൂത്ത് ലീഗ്. സന്നദ്ധ പ്രവർത്തകർക്ക് വേണ്ടി ദുരിതബാധിതർക്ക് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക ചെലവാക്കിയെന്നാണ് കണക്കുകൾ പറയുന്നത്. സന്നദ്ധ സംഘടനകൾ അവരുടെ ചെലവുകൾ സ്വയം വഹിക്കുകയായിരുന്നു. പിന്നീടെങ്ങനെ ഇത്ര തുക ചെലവായതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സ്റ്റേറ്റ് കോഓർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ ചോദിച്ചു.

Summary: How much does Mundakkai relief cost? Here are the 'Actual' figures in the government estimate

Similar Posts