ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്കൂളുകളിലെ വിദ്യാർഥികൾ തിരികെ ക്ലാസിലേക്ക്
|വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കും. വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക.
ഒരു മാസത്തിനുശേഷം അവർ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക് എത്തുകയാണ്. ദുരന്തം നക്കിത്തുടച്ച മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അട്ടമലയിലെയും വിദ്യാർഥികൾ. ജൂലൈ 31ന് പുലർച്ചെ നിനച്ചിരിക്കാതെ വന്ന ഉരുൾ ദുരന്തം മറ്റെല്ലാറ്റിനുമൊപ്പം തങ്ങൾക്കേറെ പ്രിയപ്പെട്ട ചില സഹപാഠികളെയും സ്കൂളുകളെയുമാണ് ഇല്ലാതാക്കിയത്. വെള്ളാര്‍മലയിലെ സ്കൂൾ ഇനി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈയിലെ ജി.എല്‍.പി സ്കൂൾ മേപ്പാടി എ.പി.ജെ ഹാളിൽ സജ്ജീകരിച്ച ക്ലാസ്സ് റൂമുകളിലുമാണ് പ്രവര്‍ത്തിക്കുക.
വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് രണ്ടിടത്തുമായി സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുനഃപ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മന്ത്രി ഒ.ആര്‍ കേളു അദ്ധ്യക്ഷനാവും.വിവിധ മന്ത്രിമാർക്കൊപ്പം കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ തുടങ്ങിയവരും പങ്കെടുക്കും.