Kerala
നഗരസഭാംഗത്തിന്റെ കൊലപാതകം; മഞ്ചേരിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
Kerala

നഗരസഭാംഗത്തിന്റെ കൊലപാതകം; മഞ്ചേരിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

Web Desk
|
31 March 2022 1:16 AM GMT

പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദിൽ ഉച്ചയോടെ അബ്ദുൽ ജലീലിന്റെ മൃതദേഹം ഖബറടക്കും

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറുടെ കൊലപാതകത്തിൽ പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. മഞ്ചേരി നഗരസഭയിലെ ലീഗ് കൗൺസിലർ അബ്ദുൽ ജലീലാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരസഭ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അബ്ദുൽ ജലീലിന്റെ ഖബറടക്കം പൂർത്തിയാകുന്നത് വരെയാണ് ഹർത്താൽ.

ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്നായിരുന്നു അബ്ദുൽ ജലീലിന് നേരെ ആക്രമണം. തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മജീദ് പൊലീസ് കസ്റ്റഡിയിലാണ്. ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദിൽ ഉച്ചയോടെ അബ്ദുൽ ജലീലിന്റെ മൃതദേഹം ഖബറടക്കും.

Similar Posts