Kerala
ശ്രീകാര്യം സിഇടി കോളേജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി നഗരസഭ
Kerala

ശ്രീകാര്യം സിഇടി കോളേജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി നഗരസഭ

Web Desk
|
16 Sep 2022 7:03 AM GMT

പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വേണ്ടിയാണ് ബെഞ്ച് പൊളിച്ചു മാറ്റിയതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം

ശ്രീകാര്യം: ശ്രീകാര്യം സിഇടി കോളേജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം നഗരസഭ പൊളിച്ചുമാറ്റി. റെസിഡൻസ് അസോസിയേഷൻ നിർമിച്ച വെയിറ്റിങ് ഷെഡ് ആണ് പൊളിച്ചു മാറ്റിയത്.പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വേണ്ടിയാണ് നടപടി എന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

വിദ്യാർഥികൾ മോശമായി ഇരിക്കുന്നു എന്നാരോപിച്ച് റെസിഡൻസ് അസോസിയേഷൻ ബെഞ്ച് മുറിച്ച് മൂന്നാക്കിയതോടെയാണ് സംഭവം വാർത്തകളിലിടം പിടിക്കുന്നത്. റസിഡൻസ് അസോസിയേഷന്റെ നടപടിയ്‌ക്കെതിരെ വിദ്യാർഥികൾ ഒരാളുടെ മടിയിൽ മറ്റൊരാളിരുന്ന് പ്രതിഷേധിച്ചതോടെ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടി.

ഒന്നിച്ചിരുന്നാലല്ലേ പ്രശ്‌നം മടിയിലിരുന്നാൽ പ്രശ്‌നമില്ലല്ലോ എന്ന രീതിയിലടക്കം ക്യാംപെയ്‌നുകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അന്ന് തന്നെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനടക്കമുള്ളവർ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തെത്തുകയും അത്യാധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

ഇത്തരത്തിൽ പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വേണ്ടിയാണ് ബെഞ്ച് പൊളിച്ചു മാറ്റിയതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം. പുതിയ വെയിറ്റിങ് ഷെഡിന്റെ പണി ഉടൻ തന്നെ തുടങ്ങുമെന്നും ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ വെയിറ്റിങ് ഷെഡിൽ ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.ജൻട്രൽ ന്യൂട്രാലിറ്റിക്ക് പ്രധാന്യം നൽകി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

Similar Posts