Kerala
വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്നേഹിക്കില്ല
Kerala

''വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്നേഹിക്കില്ല''

Web Desk
|
2 Oct 2021 6:07 AM GMT

കഴിഞ്ഞ നാലു വർഷത്തിനിടക്ക് പന്ത്രണ്ട് പെൺകുട്ടികളുടെ ജീവനാണ് ഇത്തരം "പ്രണയപ്പകയിൽ" ഉണ്ടായ കൊലപാതകത്തിൽ" അവസാനിച്ചത്.

പാലാ സെന്‍റ്.തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത് കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിധിന വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രണയപ്പക മൂലമുള്ള കൊലകള്‍ ആവര്‍ത്തിക്കുമ്പോള്‍ കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർഥികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷനായ മുരളി തുമ്മാരുകുടി.

സിനിമയിലെപ്പോലെ 'വെറുത്തു വെറുത്ത്' ഒരാളും ഒരു കുട്ടിശ്ശങ്കരനേയും സ്നേഹിക്കില്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും ഒരു പെൺകുട്ടിയെ പ്രേമിക്കാൻ വേണ്ടിയോ പ്രേമത്തിന് ശേഷമോ ശല്യം ചെയ്യുന്നവരെ ഉടൻ തന്നെ പൊലീസിന് റിപ്പോർട്ട് ചെയ്യണമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

(ആയിരം) പ്രണയത്തിന്‍റെ കഴുത്തറക്കുമ്പോൾ

പാലായിലെ ഒരു കോളേജിൽ ഒരു വിദ്യാർത്ഥി കൂടെ പഠിക്കുന്ന ഒരു വിദ്യാർഥിനിയെ കൊന്ന സംഭവം കേരളത്തെ ആകെ ദുഖത്തിലാഴ്ത്തുന്നു. ആ സംഭവത്തിന്‍റെ വിശദവിവരങ്ങൾ വായിക്കാൻ പോലും നമുക്ക് ബുദ്ധിമുട്ട് തോന്നുന്ന അത്രയും ക്രൂരമായ കൊലയാണ്. നമ്മെ ഇത് ഇത്രമാത്രം ബാധിക്കുന്നുവെങ്കിൽ രാവിലെ പരീക്ഷയെഴുതാൻ പോയ മകൾ കാമ്പസിൽ കൊല്ലപ്പെട്ടുവെന്ന് അറിയുന്ന മാതാപിതാക്കളുടെ സ്ഥിതി എന്തായിരിക്കും ?. എന്തുപറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക ?

കാമ്പസുകളിൽ ജാതിക്കും മതത്തിനും ഭാഷക്കും സംസ്ഥാനത്തിനും സാമ്പത്തികനിലക്കും ഒക്കെയുള്ള അന്തരങ്ങൾക്കപ്പുറം മനുഷ്യൻ മനുഷ്യനെ അറിഞ്ഞു സ്നേഹിക്കുന്ന പ്രണയങ്ങൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള പ്രണയങ്ങളെ പിന്തുണക്കുന്ന ആളുമാണ്. ഇത്തരത്തിൽ ഉള്ള പ്രണയങ്ങളും അതിൽ നിന്നും പങ്കാളികളും കുട്ടികളും ഒക്കെ ഉണ്ടാകുന്ന ലോകത്താണ് അർത്ഥശൂന്യമായ അതിരുകൾ ഇല്ലാതാകുന്നതെന്ന് നേരിട്ടറിഞ്ഞിട്ടുള്ളതിൽ നിന്നുള്ള വിശ്വാസമാണത്.

പക്ഷെ കഴിഞ്ഞ നാലു വർഷത്തിനിടക്ക് പന്ത്രണ്ട് പെൺകുട്ടികളുടെ ജീവനാണ് ഇത്തരം "പ്രണയപ്പകയിൽ" ഉണ്ടായ കൊലപാതകത്തിൽ" അവസാനിച്ചത്. പ്രണയവും പകയും സ്‌നേഹവും കൊലയും ഒന്നും ഒരു വാക്കിലോ വാചകത്തിലോ ചേർത്ത് വക്കേണ്ട ഒന്നല്ല. പക്ഷെ ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങൾ വരുമ്പോൾ ഇത്തരം വാക്കുകൾ ഉണ്ടാകുന്നതിന് ആരെയും കുറ്റം പറയാൻ പറ്റില്ല.

"നിങ്ങളെ കോളേജിൽ വിടുന്നത് പഠിക്കാനാണ്, അല്ലാതെ പ്രേമിക്കാനല്ല" എന്ന് പറഞ്ഞു കുട്ടികളെ വഴക്കു പറയുകയും മർദ്ദിക്കുകയും ചിലപ്പോൾ കോളേജ് പഠനം അവസാനിപ്പിക്കുകയും എന്തിന് വീട്ടിൽ പൂട്ടിയിടുക പോലും ചെയ്യുന്ന മാതാപിതാക്കൾക്ക് ഇപ്പോൾ ഒരു ന്യായീകരണമായി റോഡ് സൈഡിലോ പാർക്കിലോ ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ ഇടപെടുന്ന സദാചാര ആങ്ങളമാർക്ക് ഇപ്പോൾ ന്യായീകരണമായി സിനിമാ തീയറ്ററിലോ ഹോട്ടലിലോ ഒരുമിച്ചിരിക്കുന്ന കോളേജ് വിദ്യാർത്ഥികളെ സദാചാരം പഠിപ്പിക്കുന്ന നാട്ടുകാർക്ക് ന്യായീകരണമായി മൊബൈലും സമൂഹമാധ്യമവും പെൺകുട്ടികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്ന് നിർദ്ദേശിക്കുന്ന പൊലീസിന് ന്യായീകരണമായി ക്‌ളാസ്സിലെ കുട്ടികളുടെ പ്രേമവും പ്രേമലേഖനവും കണ്ടുപിടിച്ചു അസംബ്ലിയിൽ വായിക്കുകയും വീട്ടുകാരെയും അറിയിക്കുന്ന അധ്യാപകർക്ക് ന്യായീകരണമായി "അവൻ നല്ല കുട്ടിയായിരുന്നു, ഇതൊന്നും പ്രതീക്ഷിച്ചില്ല" എന്ന് നാട്ടുകാരും വീട്ടുകാരും പറയുമ്പോൾ ആരെ പ്രണയിച്ചാലാണ് ജീവൻ നഷ്ടപ്പെടാതിരിക്കുന്നത് എന്ന് പെൺകുട്ടികൾ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ ഈ ഒരു കൊലപാതകം കഴുത്തറക്കുന്നത് ഒരു പ്രണയത്തിനെ മാത്രമല്ല, ഒരായിരം പ്രണയങ്ങളെ ആണ്

പക്ഷെ ഒരു തെറ്റ് മുൻപ് പറഞ്ഞ പ്രണയങ്ങളെ എതിർക്കുന്ന ഒരു തെറ്റിനും ന്യായീകരണം ആകുന്നില്ല. പ്രായപൂർത്തിയായ ആളുകൾ പരസ്പരം കാണുന്നതും ഇഷ്ടപ്പെടുന്നതും പ്രേമിക്കുന്നതും പങ്കാളികളാകുന്നതുമൊക്കെ സ്വാഭാവികമാണ്. അത് പിന്തുണക്കപ്പെടേണ്ടതാണ്. അതിന് മുകളിൽ നടക്കുന്ന സദാചാര പോലീസിംഗ് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. "എന്താണ് പ്രണയം" എന്ന് മനസ്സിലാക്കാത്തവരും "നോ മീൻസ് നോ" എന്നൊരു സംഭവം കേട്ടിട്ടില്ലാത്തവരുമായ ചിലർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ നമ്മുടെ യുവാക്കളിലെ പ്രണയം ഇല്ലാതാക്കാൻ നാം അനുവദിക്കരുത്. കുറ്റം ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക. കുറ്റം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ എല്ലാവരേയും പറഞ്ഞു മനസ്സിലാക്കുക എന്താണ് കൺസെന്‍റ് എന്ന് കുട്ടികൾക്ക് ബുദ്ധിയുറക്കുന്ന പ്രായം മുതൽ പറഞ്ഞു മനസിലാക്കുക. നോ മീൻസ് നോ എന്ന് ഒരു ക്യാമ്പയിൻ തന്നെ കോളേജുകളിൽ തുടങ്ങുക

സിനിമയിലെപ്പോലെ "വെറുത്തു വെറുത്ത്" ഒരാളും ഒരു കുട്ടിശ്ശങ്കരനേയും സ്നേഹിക്കില്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക ഒരു പെൺകുട്ടിയെ പ്രേമിക്കാൻ വേണ്ടിയോ പ്രേമത്തിന് ശേഷമോ ശല്യം ചെയ്യുന്നവരെ ഉടൻ തന്നെ പൊലീസിന് റിപ്പോർട്ട് ചെയ്യുക. ഇത്തരം കേസുകളിൽ "പരസ്പരം പറഞ്ഞു തീർക്കുന്നതിനപ്പുറം" പ്രൊഫഷണൽ ആയുള്ള മനഃശാസ്ത്ര കൗൺസലിംഗ് നടപ്പിലാക്കുക. വീണ്ടും ആവർത്തിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം കുട്ടികളേയും മാതാപിതാക്കളേയും പറഞ്ഞു മനസിലാക്കുക ഇതുകൊണ്ടൊന്നും പ്രണയപ്പകയും കൊലപാതകങ്ങളും പൂർണ്ണമായും ഇല്ലാതാവില്ല. പക്ഷെ ഒരു കൊലക്കു ശേഷം നമ്മൾ ഒന്നും ചെയ്യാതിരുന്നാൽ തീർച്ചയായും വീണ്ടും ഒരു കൊലപാതകം ഉണ്ടാകും. പ്രണയങ്ങളുടെ എണ്ണം കൂടുപ്പോൾ ഇത്തരം കൊലപാതകങ്ങളുടെ എണ്ണവും കൂടും.

പക്ഷെ വിദ്യാഭ്യാസ വകുപ്പിന്‍റെയും പൊലീസിന്‍റെയും ആഭിമുഖ്യത്തിൽ ഇപ്പോൾ റാഗിംഗിന്‍റെ കാര്യത്തിൽ നടത്തുന്നത് പോലെ ഉള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും പ്രശ്നത്തിന്‍റെ തുടക്കത്തിൽ തന്നെ കാര്യങ്ങളിൽ ശക്തമായി ഇടപെടുകയും ചെയ്താൽ തീർച്ചയായും കേസുകൾ കുറയും. കാമ്പസിലെ പ്രണയം ഒന്നും കേരളത്തിൽ മാത്രം നടക്കുന്നതല്ല. യൂറോപ്പിൽ വിദ്യാർഥികളിൽ നാലിലൊന്നു പേരും അവരുടെ പങ്കാളികളെ കണ്ടെത്തുന്നത് കാമ്പസിലാണ്. എത്രയോ പ്രേമങ്ങൾ നിരസിക്കപ്പെടുന്നു, എത്രയോ പ്രേമങ്ങൾ പിരിയുന്നു. ഇവിടെ ക്യാമ്പസുകളിൽ ചോര വീഴുന്നില്ല.

അപ്പോൾ ഇതേ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ലോകത്ത് പക്വതയോടെ പ്രേമിക്കാനും പ്രേമത്തിൽ നിന്ന് പിന്മാറാനും ഒക്കെ സാധിക്കും. അതിനവരെ പരിശീലിപ്പിക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ ഉള്ള പ്രത്യാഘാതങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അങ്ങനെ പെരുമാറാത്തവർക്ക് ഉണ്ടായ പ്രത്യാഘാതങ്ങൾ മാതൃകാ പരമായി നേരിൽ കാണുകയും വേണം. കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്.അല്ലാതെ കാമ്പസിൽ "പഠിക്കാൻ മാത്രം" പോയി, അച്ഛനും അമ്മയും പങ്കാളികളെ കണ്ടെത്തുന്ന പഴഞ്ചൻ രീതിയിലേക്ക് തിരിച്ചു നടക്കുന്നത് ഒരു സമൂഹമെന്ന തലത്തിൽ മരണത്തെക്കാൾ ഭയാനകം ആണ്.

മുരളി തുമ്മാരുകുടി

Similar Posts