'ആ പാലം പുതുപ്പള്ളിയിലല്ല... സ്വന്തം മണ്ഡലത്തിലെ വികസനമല്ല അളവുകോൽ': മുരളി തുമ്മാരുകുടി എഴുതുന്നു
|"നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുതുപ്പള്ളിയിലെ വികസനത്തെ ചൊല്ലി ഇടതുപക്ഷം സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വാദങ്ങൾ കണക്കിലെടുത്തായിരുന്നു തുമ്മാരുകുടിയുടെ പോസ്റ്റ്. സ്വന്തം മണ്ഡലത്തിൽ മാത്രം പാലങ്ങളും റോഡുകളുമെല്ലാം പണിയുകയല്ല മുഖ്യമന്ത്രിയുടേയും എംഎല്എയുടേയും ജോലിയെന്ന് തുമ്മാരുകുടി കുറിച്ചു.
ഒരാൾ മുഖ്യമന്ത്രി ആയാൽ അയാളെ അളക്കേണ്ടത് സ്വന്തം മണ്ഡലത്തിൽ എത്രമാത്രം വികസനം കൊണ്ടുവന്നു എന്ന അളവുകോൽ വച്ചിട്ടല്ല. നാടിൻറെ മൊത്തമായി വികസനം ആയിരിക്കണം മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ ലക്ഷ്യമിടേണ്ടത്. അത് വച്ചാണ് അവരെ അളക്കേണ്ടത്. "നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ:-
ശ്രീ ഉമ്മൻചാണ്ടിയുടെ മരണശേഷം ഒട്ടും താമസിയാതെ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഒരു കണക്കിന് വിഷമമായി. കേരള രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു ജീവിച്ച ഒരാളെപ്പറ്റി നല്ലതൊക്കെ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ രാഷ്ട്രീയകരണങ്ങളാൽ കുറ്റപ്പെടുത്തേണ്ടി വരുന്നത് വിഷമമല്ലേ.
മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. ഇക്കാലത്ത് ഒരു ചിത്രം കണ്ടാൽ തന്നെ അത് സത്യമാണോ ഫോട്ടോഷോപ്പ് ആണോ എന്നൊന്നും അറിയാൻ പറ്റില്ല.
ഒരാൾ മുഖ്യമന്ത്രി ആയാൽ അയാളെ അളക്കേണ്ടത് സ്വന്തം മണ്ഡലത്തിൽ എത്രമാത്രം വികസനം കൊണ്ടുവന്നു എന്ന അളവുകോൽ വച്ചിട്ടല്ല. സത്യത്തിൽ ഒരു മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മണ്ഡലത്തിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാൾ കൂടുതൽ വികസനം ഉണ്ടെങ്കിൽ അത് തെറ്റായ കീഴ്വഴക്കമാണ്. കാരണം ആരും അങ്കമാലിയുടെ പ്രധാനമന്ത്രിമാർ അല്ലല്ലോ, മൊത്തം സംസ്ഥാനത്തിന്റെ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ അല്ലേ?
നാടിൻറെ മൊത്തമായി വികസനം ആയിരിക്കണം മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ ലക്ഷ്യമിടേണ്ടത്. അത് വച്ചാണ് അവരെ അളക്കേണ്ടത്. "നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയം. നിയമസഭാ സാമാജികരുടെ ഏറ്റവും അടിസ്ഥാനമായ കർത്തവ്യം നിയമ നിർമ്മാണം ആണ്. ഒരാൾ അമ്പത് വർഷം നിയമസഭാ സാമാജികൻ ആയിട്ടുണ്ടെങ്കിൽ ചോദിക്കേണ്ട ന്യായമായ ചോദ്യം എത്ര നിയമങ്ങളുടെ നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ടെന്നാണ്.
പണ്ടൊക്കെ പൊതുമരാമത്ത് മന്ത്രിയെ കണ്ട് മണ്ഡലത്തിലെ കാര്യങ്ങൾ പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ സർക്കാരിൽ നിന്നും കിട്ടുന്ന എം എൽ എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മരാമത്തുകൾ ചെയ്യാനുള്ള പ്രോജക്റ്റ് ഉണ്ടാക്കി അത് നടപ്പിലാക്കാൻ സമയം ചിലവാക്കണം. മണ്ഡലത്തിലെ എല്ലാ കല്യാണത്തിനും മറ്റാവശ്യങ്ങൾക്കും തല കാണിക്കണം, നമ്മൾ അനാവശ്യത്തിന് പോലും ബന്ധപ്പെട്ടാൽ സഹായിക്കുകയോ സഹായിക്കുമെന്ന് പറയുകയോ ചെയ്യണം. ഇതൊക്കെ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇതിനിടക്ക് നിയമം നിർമ്മിക്കുന്നോ, ഭരണ സംവിധാനത്തിന്റെ അൽകൗണ്ടബിലിറ്റി ഉറപ്പാക്കുന്നോ എന്നതൊന്നും നമുക്ക് വിഷയമല്ല.
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ പങ്കുവെച്ച ഫോട്ടോയെ ചൊല്ലിയാണ് വിമർശനങ്ങൾ ഉയർന്നത്. ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം ചേർത്തിരുന്നത്. എന്നാൽ, ഈ പാലം പുതുപ്പള്ളിയിലെതല്ലെന്നും ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉയർന്നു. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലമെന്നും പിന്നീട് ചിത്രമെടുത്തയാൾ തന്നെ വ്യക്തമായിരുന്നു. പിന്നാലെ, തെറ്റിദ്ധാരണയുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുരളി തുമ്മാരുകുടി രംഗത്തെത്തുകയും ചെയ്തു.