'സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി, പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാം'; കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ. മുരളീധരൻ
|''പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നുണ്ടെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ല''
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ. മുരളീധരൻ. പാർട്ടിക്കകത്ത് പ്രവർത്തിക്കുകയാണെങ്കിൽ അഭിപ്രായം പറയുന്നത് തുടരും. സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാം. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപിസിസി കത്ത് നൽകിയിട്ടില്ല. അച്ചടക്ക നടപടിയെടുത്താൽ അപ്പോൾ പ്രതികരിക്കാമെന്നും മുരളീധരൻ പറഞ്ഞു.
''ഇപ്പോള്‍ കത്തയച്ചാൽ കിട്ടാൻ വലിയ പണിയൊന്നുമില്ലല്ലോ... വാട്ട്സ്ആപ്പിലൊന്നും നോക്കീട്ട് കണ്ടില്ല. ഇനി അഥവാ പാർട്ടി പ്രവര്ത്തനം നിർത്തണം എന്നാണെങ്കിൽ അത് പറഞ്ഞാൽ മതി. നിർത്താൻ തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നുണ്ടെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ല''- മുരളീധരൻ പറഞ്ഞു
അതേസമയം കണ്ണൂരിൽ പിള്ളമാർ ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയെ അദ്ദേഹം ശരിവെച്ചു. കണ്ണൂരിൽ പിള്ളമാരുള്ളതായി കേട്ടിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ തന്നെ മറ്റെവിടെ നിന്നെങ്കിലും കണ്ണൂരിലേക്ക് താമസം മാറിയവരാകാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.