![murder attempt case accused hacked policeman in Thiruvananthapuram murder attempt case accused hacked policeman in Thiruvananthapuram](https://www.mediaoneonline.com/h-upload/2023/11/21/1398477-police.webp)
തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികൾ പൊലീസുകാരനെ വെട്ടി
![](/images/authorplaceholder.jpg?type=1&v=2)
വ്യത്യസ്ത കേസുകളിലായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരവേയായിരുന്നു ആക്രമണം.
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികൾ പൊലീസുകാരനെ വെട്ടി. അയിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിനുവിനാണ് വെട്ടേറ്റത്. വിവിധ കേസുകളിൽ പ്രതികളായ അനസ് ഖാൻ, ദേവനാരായണൻ എന്നിവരാണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി പത്തരയോടെ അയിരൂർ പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. കൊല്ലം സ്വദേശിയായ അനസ് ഖാനെയും തിരുവനന്തപുരം വെല്ലിക്കടവ് സ്വദേശി ദേവനാരായണനേയും വ്യത്യസ്ത കേസുകളിലായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരവേയായിരുന്നു ആക്രമണം.
അനസ് ഖാൻ തന്റെ ബാഗിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സിപിഒ ബിനുവിന് വെട്ടേറ്റു. തുടർന്ന് വാൾ ദേവനാരായണന് കൈമാറി. ഇയാളും ആക്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ കൂടുതൽ അപകടം ഉണ്ടാവാതെ രക്ഷപെടുകയായിരുന്നു.
തുടർന്ന് ഇരുവരേയും പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തി. അനസ് ഖാൻ ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്. കൊലപാതക ശ്രമം, ലഹരിവിൽപ്പനയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ.