'മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിസി ജോർജ്
|ജന നന്മയെ കരുതി താൻ ഹൈകോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണെന്നും പിസി
കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി ജോർജ്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും, തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടതാണെന്നും എല്ലാം സജ്ജമാണെന്ന് സർക്കാരും, ആരോഗ്യവകുപ്പും, തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അനുകൂല വിധി നേടുകയായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാൻ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ലെന്നും സമ്മാന്യ ബുദ്ധിയുണ്ടായാൽ മതിയെന്നും പിസി ഫോസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഓരോ ഫോൺ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങൾക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തിൽ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതിൽ സർക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളത്. തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും ഞാൻ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈകോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തിരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാൻ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സമ്മാന്യബുദ്ധി എന്നൊരു സാധനമുണ്ടായാൽമതി. എല്ലാം സജ്ജമാണെന്ന് സർക്കാരും, ആരോഗ്യവകുപ്പും, തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അനുകൂല വിധി നേടി. ജനനന്മയെ കരുതി ഞാൻ ഹൈകോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്. മനഃപൂർവ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആർക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്. ഇന്നിപ്പോൾ മദ്രാസ് ഹൈകോടതി പറഞ്ഞത്പോലെ "മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.