വധ ഗൂഢാലോചന കേസ്: ദിലീപിൻറെ സുഹൃത്ത് ശരത്തിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി
|ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ ശരത്ത് ഒപ്പം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ ചോദ്യം ചെയ്തത്
വധ ഗൂഢാലോചന കേസില്‍ ദിലീപിൻറെ സുഹൃത്ത് ശരത്തിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ശരത്തിനെ നാളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യുല്‍. 6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും, വധഗൂഢാലോചനാ കേസിൽ സുഹൃത്ത് ശരത്തിനെയുമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ ശരത്ത് ഒപ്പം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയത് ശരത്താണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന വിലയിരുത്തിയാണ് നടപടി.
ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിൻറെ ചോദ്യങ്ങൾ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാവുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 15 വരെയാണ് നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കോടതി നൽകിയ സമയം. ഇതിനുള്ളിൽ പരമാവധി പേരെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.