വധഗൂഢാലോചനക്കേസ്: ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ കോടതിയിലെത്തിച്ചു
|അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. പ്രതികളുടെ ഫോണുകൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ കോടതിയിൽ എത്തിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതു കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടതാണ്. ദിലീപ് ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിൻറെ വാദം.
ഇതിനിടയിൽ ദിലീപിൻറെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂർ സ്വദേശി സലീഷിൻറെ കുടുംബമാണ് പുനരന്വേഷണം ആവശ്യപ്പെട്ടു അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ആഗസ്ത് 30 നായിരുന്നു സലീഷിൻറെ മരണം. സലീഷ് ഓടിച്ചിരുന്ന കാർ അങ്കമാലി ടെൽക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സലീഷിൻറെ മരണത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാർ ദുരൂഹത ആരോപിച്ചിരുന്നു.