Kerala
wedding day murder
Kerala

'മകളെ കല്യാണം കഴിച്ചുതന്നില്ലെങ്കിൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, രാജുവിനെ മണ്‍വെട്ടികൊണ്ട് തലക്കടിച്ചുകൊന്നു'; ബന്ധുക്കൾ

Web Desk
|
28 Jun 2023 5:04 AM GMT

ജിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുള്ളതിനാലാണ് പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചത്

തിരുവനന്തപുരം: കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തിക്കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കൾ. മകളുടെ വിവാഹപന്തലിൽവെച്ചാണ് കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) നെ നാലുപേർ മർദിച്ചു കൊന്നത്.

രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്. മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷൻ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽ പോയി. പുലർച്ചെ 12.30 ഓടെയാണ് കരച്ചിലും ബഹളവും കേട്ടാണ് ഓടിയെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രാജുവിനെ കുളിമുറിയുടെ ഭിത്തിയിൽ ചേർത്ത് നിർത്തി മർദിക്കുന്നതാണെന്ന് കൊല്ലപ്പെട്ട രാജുവിന്‍റെ സഹോദരന്‍റെ മകള്‍ മീഡിയവണിനോട് പറഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച പെൺകുട്ടിയെയും അമ്മയെയും നാലുപേരും മർദിച്ചു. പെൺകുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മർദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. മൺവെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തിൽ കലാശിച്ചത്.

പിടിച്ചുമാറ്റാൻ എത്തിയ എല്ലാവരെയും പ്രതികൾ മാരകയായി മർദിച്ചിരുന്നു. പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. പക്ഷേ ആശുപത്രിയിലെത്തിച്ചപ്പോഴും രാജു മരിച്ചിരുന്നു. പ്രതികൾ ആശുപത്രിയിലും എത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. രാജു മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയിലാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. തലക്ക് മണ്‍വെട്ടി കൊണ്ട് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ജിഷ്ണുവിന്‍റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് രാജുവിനെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതിയായ ജിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. ഇതുകൊണ്ടാണ് മകളുമായുള്ള വിവാഹ ആലോചന രാജു നിരസിച്ചതെന്നും കല്യാണം നടത്തിക്കൊടുത്തില്ലെങ്കിൽ കാണിച്ചുതരാമെന്ന് പ്രതികൾ വെല്ലുവിളിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.


Similar Posts