പാനൂർ സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു
|2002 ഫെബ്രുവരി പതിനഞ്ചിനാണ് അഷ്റഫ് കൊല്ലപ്പെട്ടത്
കണ്ണൂർ: തലശ്ശേരി പാനൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. സിപിഎം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് തലശ്ശേരി സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ആർഎസ്എസ് – ബിജെപി പ്രവർത്തകരായ പാനൂർ കുറ്റേരി സ്വദേശി സുബിൻ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പൻ അനീഷ്, തെക്കേ പാനൂരിലെ പിപി പുരുഷോത്തമൻ, മൊകേരി വള്ളങ്ങാട് ഇപി രാജീവൻ എന്ന പൂച്ച രാജീവൻ, തെക്കേ പാനൂരിലെ എൻകെ രാജേഷ് എന്ന രാജു, പാനൂർ, പന്ന്യന്നൂർ ചമ്പാട് സ്വദേശി കെ രതീശൻ എന്നിവരാണ് കേസിലെ പ്രതികൾ.
2002 ഫെബ്രുവരി പതിനഞ്ചിനാണ് സിപിഎം പ്രവർത്തകനായ അഷ്റഫ് കൊല്ലപ്പെട്ടത്. പാനൂർ ബസ്റ്റാൻഡിലെ കടയിൽ വെച്ച് ആറംഗ സംഘം അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വാഹനം വാങ്ങാൻ എത്തിയതായിരുന്നു അഷ്റഫ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.