മ്യൂസിയം, കുറവൻകോണം കേസ് പ്രതി സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കി; കരാർ ജീവനക്കാരൻ മാത്രമെന്ന് മന്ത്രി
|ഇയാളെ ഉടൻ നീക്കാൻ മന്ത്രി റോഷി അഗസ്റ്റിനാണ് നിർദേശം നൽകിയത്.
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിലേയും കുറവന്‍കോണത്തെ വീടാക്രമണ കേസിലേയും പ്രതിയായ സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കി. ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറായ സന്തോഷ് വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാരനാണ്.
ഇയാളെ ഉടൻ നീക്കാൻ മന്ത്രി റോഷി അഗസ്റ്റിനാണ് കരാറുകാർക്ക് നിർദേശം നൽകിയത്. പ്രതി കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരന്‍ മാത്രമാണെന്നും തന്റെ സ്റ്റാഫില്‍പ്പെട്ടയാളല്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റേയോ വാട്ടര്‍ അതോറിറ്റിയുടേയോ സംസ്ഥാന സര്‍ക്കാരിന്റെയോ ജീവനക്കാരനല്ല.
കരാറുകാരെ വിളിക്കുമ്പോള്‍ അവര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന തൊഴിലാളിയാണ്. അവരോട് അയാളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ സ്റ്റാഫുകളെ പോലീസ് വേരിഫിക്കേഷനു ശേഷം മാത്രമേ നിയമിക്കാറുള്ളൂ. എന്നാല്‍ ഇത് അത്തരമൊരാളല്ല. ജാഗ്രത പുലര്‍ത്തി പ്രതിയെ കൃത്യമായി അന്വേഷണം നടത്തി പിടിച്ചതില്‍ പൊലീസിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. കേസന്വേഷണം തുടരട്ടെ.
തനിക്കയാളെ അറിയില്ല, കാണേണ്ടിയും വന്നിട്ടില്ല. തന്റെ ഓഫീസിലേക്ക് വരേണ്ട കാര്യവുമില്ല. എല്ലാവരേയും ജോലിക്കെടുക്കുന്നത് നന്നായി നില്‍ക്കും എന്ന വിശ്വാസത്തിലല്ലേ എന്നും മന്ത്രി ചോദിച്ചു. അവരവര്‍ വഹിക്കുന്ന സ്ഥാനത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം എന്നും പരസ്പരം വിശ്വസിക്കുകയും ജോലിയോട് കൂറുപുലര്‍ത്തുകയും ചെയ്യുക എന്നത് എല്ലാവരും സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരു സംഭവത്തിലേയും പ്രതി സന്തോഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്. ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഈ സമയങ്ങളില്‍ സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഇവിടങ്ങളിലായിരുന്നു.
ഇന്ന് പരാതിക്കാരിയെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുമ്പാണ് ഇപ്പോള്‍ രണ്ട് സംഭവത്തിലേയും പ്രതി ഒരാളാണെന്ന് വ്യക്തമായിരിക്കുന്നത്. രാവിലെ 10ഓടെയാണ് യുവതിയെ തിരിച്ചറിയല്‍ പരേഡിനായി വിളിച്ചിരിക്കുന്നത്. അതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ്.
കുറവന്‍കോണം പ്രതിയും തന്നെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പരാതിക്കാരി മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് സ്ഥിരീകരണം. ഇന്നലെ രാത്രിയാണ് കുറവന്‍കോണം വീടാക്രമണ കേസില്‍ സന്തോഷിനെ പൊലീസ് പിടികൂടിയത്. ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ വീടാക്രമണ കേസില്‍ കുറ്റം സമ്മതിച്ചെങ്കിലും മ്യൂസിയം വളപ്പിലെ അതിക്രമത്തില്‍ കുറ്റം സമ്മതിച്ചിരുന്നില്ല.
പത്ത് മണിക്ക് തിരിച്ചറിയല്‍ പരേഡിനു ശേഷം മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. കുറവൻകോണത്ത് അതിക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്.