മ്യൂസിയം അതിക്രമം: ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
|പ്രതിയുടെ ഇന്നോവ കാറിന്റെ നമ്പർ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഫോറൻസിക് ലാബിന് കൈമാറി. പ്രതിയുടെ ഇന്നോവ കാറിന്റെ നമ്പർ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അതേ സമയം പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.