Kerala
Brahmapuram fire,Music composer Bijibal,Brahmapuram Plant Fire,Breaking News Malayalam, Latest News, Mediaoneonline,,brahmapuram waste plant fire,brahmapuram fire accident
Kerala

പുക തീർന്നു, കൊച്ചി രക്ഷപ്പെട്ടു എന്നരീതിയിലേക്ക് ചർച്ച നീങ്ങരുത്: ബിജിബാൽ

Web Desk
|
12 March 2023 7:23 AM GMT

'ഒരു തലമുറയെ തന്നെ രോഗാതുരമാക്കുന്ന എയർപൊലൂഷനാണ് ഇപ്പോൾ സംഭവിക്കുന്നത്. അതിനുള്ള പരിഹാരം എന്താണെന്ന് ആരും പറയുന്നില്ല'

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക തീർന്നു,കൊച്ചി ഇനി രക്ഷപ്പെട്ടു എന്നരീതിയിലേക്ക് ചർച്ച നീങ്ങാൻ പാടില്ലെന്ന് സംഗീതസംവിധായകൻ ബിജിബാൽ. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ടുമൂന്ന് ദിവസമായി കണ്ണുനീറ്റലാണ്..കത്തൽ തീരുന്നതോടെ പ്രശ്‌നങ്ങൾ തീരുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷേ ഒരു തലമുറയെ തന്നെ രോഗാതുരമാക്കുന്ന എയർപൊലൂഷനാണ് ഇപ്പോൾ സംഭവിക്കുന്നത്. ടൺ കണക്കിന് പ്ലാസ്റ്റിക് കത്തിക്കുന്നത്. അതിനുള്ള പരിഹാരം എന്താണെന്ന് ആരും പറയുന്നില്ല. ഈ പുക തീർന്നു, കൊച്ചി ഇനി രക്ഷപ്പെട്ടു എന്ന രീതിയിലേക്ക് ചർച്ച നീങ്ങാൻ പാടില്ല എന്നാണ് അഭ്യർത്ഥന ബിജിബാല്‍' പറഞ്ഞു.

'മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. മാലിന്യസംസ്‌കരണ കേന്ദ്രം എന്നതിന് പകരം മാലിന്യം തട്ടാനുള്ള പറമ്പ് മാത്രമായി ബ്രഹ്മപുരം മാറി. ഇത്രയധികം വർഷങ്ങളായി നാട്ടുകാരെ പറ്റിക്കുന്ന സംവിധാനമാണ് നടന്നുകൊണ്ടിരുന്നത് എന്നതിൽ സംശയം വേണ്ട. റഷ്യയിലെ വാതക ദുരന്തത്തിനും അണുബോംബ് സമ്മാനിച്ച ദൂരവ്യാപകമായിട്ടുള്ള ദുരന്തത്തിനും ഭോപ്പാൽ ദുരന്തത്തിനും സമാനം തന്നെയാണിത്. അഞ്ച് വർഷം കഴിഞ്ഞ് കാൻസർ പിടിപെട്ടാൽ അന്ന് ശ്വസിച്ച പുക മൂലമാണെന്ന് ആരും പരാതി പറയാൻ പോകില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാനും പോകുന്നില്ല. എത്രയോ വർഷമായിട്ട് കോൺട്രാക്ടിന് കോടാനുകോടി രൂപ സർക്കാർ ചിലവഴിക്കുകയാണ്. മാറിമാറി വരുന്ന സർക്കാരുകൾ ഇതേക്കുറിച്ച് പഠിക്കാൻ വിദേശത്ത് പോകുന്നു. എന്നിട്ടും ഇതുവരെ ശാശ്വതമായിട്ടുള്ള സംസ്‌കരണ പ്ലാൻറ് എന്തുകൊണ്ടാണ് ചെയ്യാത്തതെന്ന് മനസ്സിലാകുന്നില്ല'.അദ്ദേഹം പറഞ്ഞു.




Similar Posts