'കെടാവിളക്ക് പിന്നാക്ക സ്‌കോളർഷിപ്പിൽനിന്ന് മുസ്‌ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികൾ പുറത്ത്
|പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതി
കാസർകോട്: സംസ്ഥാന സർക്കാരിന്റെ പിന്നാക്ക വിഭാഗ വികസന സ്‌കോളർഷിപ്പിൽനിന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ പുറത്ത്. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു വെട്ടിനിരത്തിയത്. പിന്നാക്ക വികസന വകുപ്പിന്റെ പദ്ധതി ആയതിനാലാണു പുറത്താക്കിയതെന്നാണ് വിശദീകരണം.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്നാണു ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത്. കേന്ദ്ര സർക്കാർ പദ്ധതിക്ക് ബദൽ എന്ന പേരിൽ സംസ്ഥാനം കൊണ്ടുവന്ന സ്‌കോളർഷിപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണു ലഭിക്കുന്നത്. ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയതിന് പകരമായാണ് കേരള സർക്കാർ പദ്ധതി ആരംഭിച്ചത്.
പ്രീ മെട്രിക് സ്‌കോളർഷിപ് ഒൻപത്,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി കെടാവിളക്ക് പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങൾ അപേക്ഷിക്കേണ്ടതില്ലെന്നാണു പുതിയ ഉത്തരവിൽ പ്രത്യേകം പറയുന്നത്. പ്രതിവർഷം 1,000 രൂപയായിരുന്നു കേന്ദ്ര പദ്ധതിയിൽ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നത്.
ന്യൂനപക്ഷങ്ങളെ ഒഴിവാക്കി സംസ്ഥാന സർക്കാർ നടപ്പാക്കിയ കെടാവിളക്കിൽ സ്‌കോളർഷിപ്പ് തുക 1,500 രൂപയായി ഉയർത്തിയിട്ടുണ്ട്. വാർഷിക വരുമാന പരിധി 2.5 ലക്ഷമായും ഉയർത്തി. പിന്നാക്ക വികസന വകുപ്പ് തയാറാക്കിയ പദ്ധതിയായതിനാലാണു ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പിന്നാക്ക വിഭാഗ പട്ടികയിൽ മുസ്‌ലിംകളും ഏതാനും ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾപെട്ടിട്ടുണ്ട്. അവരെയും പുതിയ പദ്ധതിയിൽനിന്ന് സർക്കാർ മാറ്റിനിർത്തിയിരിക്കുകയാണ്.
Summary: Muslim and Christian students have been excluded from the 'Kedavilakku' scholarship scheme implemented by the state government through the Backward Classes Development Department: Report