പാലോട്ട് കാവിൽ ഉത്സവങ്ങള്ക്ക് മുസ്ലിം വിലക്ക്: അപരിഷ്കൃത നടപടിയെന്ന് ഡി.വൈ.എഫ്.ഐ
|''കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽനിന്ന് പിന്തിരിയാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്.''
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് ഡി.വൈ.എഫ്.ഐ. ഇസ്ലാംമതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി പ്രതികരിച്ചു.
മാനവ സാഹോദര്യത്തിന്റെയും സാംസ്കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി-മത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിർത്തുതോൽപിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.
വിശ്വാസത്തെ കൂട്ടുപിടിച്ച് അപരിഷ്കൃതമായ ദുരാചാരത്തെ തിരിച്ചുകൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്. കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽനിന്ന് പിന്തിരിയാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളും രംഗത്തുവരണമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഉത്സവസമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.
Summary: DYFI criticises Muslim ban in Malliyodu Palottu Kavu, Kannur