Kerala
kerala congress m
Kerala

'പൂഞ്ഞാർ സംഭവത്തിൽ മുസ്‍ലിം കുട്ടികൾ മാത്രമല്ല ഉണ്ടായിരുന്നത്'; സർവകക്ഷി യോ​ഗത്തിൽ കേരള കോൺ​ഗ്രസ് (എം) നേതാവ്

Web Desk
|
6 March 2024 11:49 AM GMT

മുസ്‍ലിം കുട്ടികൾ മാത്രമാണ് സംഭവത്തിൽ ഉ​ൾപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖത്തിൽ പറഞ്ഞിരുന്നു

കോഴിക്കോട്: പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന സംഭവത്തിൽ മുസ്‍ലിം വിദ്യാർഥികൾ മാത്രമല്ല ഉണ്ടായിരുന്നതെന്ന് കേരള കോൺഗ്രസ് (എം) നേതാവ് അഡ്വ. ജെയിംസ്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നടത്തിയ പ്രസ്താവനക്ക് വിരുദ്ധമാണ് അഡ്വ. ജെയിംസ് ഈരാറ്റുപേട്ടയിൽ ചേർന്ന സർവകക്ഷി ​യോഗത്തിൽ നൽകിയ വിശദീകരണം.

സംഭവത്തിൽ മുസ്‍ലിം വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനിടയിലാണ് എൽ.ഡി.എഫിലെ ഘടകകക്ഷി കൂടിയായ കേരള കോൺഗ്രസ് (എം) നേതാവിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

11 ക്രിസ്ത്യൻ, ഏഴ് ഹിന്ദു കുട്ടികളും ബാക്കി 18ഓളം മുസ്‍ലിം കുട്ടികളുമാണ് സംഭവത്തിൽ ഉണ്ടായിരുന്നതെന്ന് അഡ്വ. ജെയിംസ് സർവകക്ഷി യോഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിൽ അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പൂഞ്ഞാർ പള്ളിയുടെ പരിസരത്ത് നടന്ന സംഭവത്തെ എല്ലാവരും അപലപിക്കുകയാണ്. വിഷയം ഇത്രയും വഷളാക്കിയത് സംഭവശേഷം അവിടെ ചെന്ന് പ്രശ്നമുണ്ടാക്കിയവരാണ്. സ്കൂളിലെ ഫെയർവെൽ പാർട്ടിയും കഴിഞ്ഞ് എല്ലാവരും പൂഞ്ഞാർ പള്ളിയുടെ അടുത്തുള്ള കുരിശ് പള്ളിക്ക് സമീപം ഫോട്ടോയെടുക്കാൻ വന്നതായിരുന്നു. നല്ല ഭംഗിയുള്ള സ്ഥലമാണത്. ഫോട്ടോയെടുക്കണമെന്ന് മാത്രമായിരുന്നു കുട്ടികളുടെ ലക്ഷ്യം. വീട്ടിൽനിന്ന് വണ്ടിയെടുത്താണ് കുട്ടികൾ വന്നത്. ഇതിനിടയിൽ പള്ളിയിൽ പോയി ആരാധനയെ തടസ്സപ്പെടുത്തണമെന്നോ ക്രിസ്ത്യൻ വിശ്വാസത്തെ തകർക്കണമെന്നോ കുട്ടികൾ വിചാരിച്ചിട്ടില്ല.

ഇതിൽ മുസ്‍ലിം കുട്ടികൾ മാത്രമാണുള്ളതെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. മുസ്‍ലിം, ക്രിസ്ത്യൻ, ഹിന്ദു കുട്ടികളെല്ലാമുണ്ട്. അവർ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ സംഭവം മാത്രമാണിത്. ഇത് തുടർച്ചയായി നടക്കുന്ന വിഷയമൊന്നുമല്ല. പെട്ടെന്ന് സംഭവിച്ചൂ എന്ന് മാത്രം.

കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുണ്ടായ വേദനക്കെല്ലാം നമ്മൾ പരിഹാരം ഉണ്ടാക്കണം. കുട്ടികൾക്ക് ബോധവത്കരണം നൽകണം. പൊലീസ് കേസ് കുട്ടികളുടെ ഭാവിയെ ബാധിക്കരുത്. ഇത്തരം സംഭവങ്ങൾ ഒരു ആരാധനാലയത്തിന് മുമ്പിലും ആവർത്തിക്കരുത്. മതസൗഹാർദം തകർക്കാനായി കുട്ടികൾ കരുതിക്കൂട്ടി സൃഷ്ടിച്ച പദ്ധതിയൊന്നുമല്ല. അത് നമ്മൾ ആദ്യം മനസ്സിലാക്കണമെന്നും സ്നേഹം കൊണ്ട് കൊല്ലുന്നവരാണ് ഈരാറ്റുപേട്ടക്കാരെന്നും അഡ്വ. ജെയിംസ് പറഞ്ഞു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എന്നാൽ, പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ബുധനാഴ്ച രംഗത്തുവരികയായിരുന്നു. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുപ്പക്കാരുടെ സംഘമെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. എന്നാൽ, അതിൽ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ മുജാഹിദ് നേതാവ് ഹുസൈൻ മടവൂരിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഹുസൈൻ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ ധാരണ വെച്ചുപുലർത്തരുത്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Similar Posts