'വിമർശനം പാർട്ടിയിൽ മതി': കെ.എം ഷാജിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ്
|ഷാജിയുടെ പ്രസംഗം പാർട്ടിക്ക് എതിരല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം
കണ്ണൂർ: കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ ഷാജി വിമർശനം ഉന്നയിക്കുന്നുവെന്നും ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വയ്ക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചു എന്നാണ് യോഗത്തിൽ പ്രധാനമായും വിമർശനമുയർന്നത്. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിച്ചിരുന്നു. ലീഗിന്റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമർശനമടക്കം കെ.എം ഷാജിയുടെ ഭാഗത്തുണ്ടായിരുന്നു.
കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങൾ നേതാക്കൾക്കിടയിലുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ കെ.ഷംസയ്ക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കുകയും ചെയ്തു.
ഇതേ നടപടി ഷാജിക്ക് നേരെയും ഉണ്ടാകണമെന്ന് പാർട്ടിയിൽ നേരത്തേ തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും നടപടിയായിരുന്നില്ല. പിന്നീടാണ് ഇന്ന് ചേർന്ന പ്രവർത്തക സമിതിയിൽ കെ.എം ഷാജി പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം വിമർശനമുന്നയിക്കുന്നുവെന്ന് ഇന്നത്തെ യോഗത്തിൽ ആരോപണമുണ്ടായത്.
നേരത്തേ തന്നെ അച്ചടക്കലംഘനം നിരീക്ഷിക്കാനും മറ്റുമായി അച്ചടക്കസമിതിക്ക് രൂപം നൽകിയിരുന്നു.എന്നാലിതിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ഇത് പൂർണതോതിൽ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. ഒരു ചെയർമാനും നാലംഗങ്ങളുമായിരിക്കും സമിതിയിലുണ്ടാവുക. പത്ര,ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സാദിഖലി തങ്ങൾ യോഗത്തിൽ അറിയിച്ചു. എന്നാൽ ഷാജിയുടെ പ്രസംഗം പാർട്ടിക്ക് എതിരല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.