ജസ്റ്റിസ് കെമാൽ പാഷക്കെതിരെ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി
|മുസ്ലിം ലീഗ് രാഷ്ട്രീയത്തെ തിരിച്ചറിയാൻ ജസ്റ്റിസ് കെമാൽ പാഷയുടെ കോട്ടിന്റെ പിൻബലം മാത്രം പോരെന്ന് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. അദ്ദേഹത്തിന്റെ ലീഗിനെതിരായ ആരോപണങ്ങൾ "കിട്ടാത്ത മുന്തിരി പുളിക്കുമെന്ന" പ്രസ്താവനയായി മാത്രമേ കേരളീയ ജനസമൂഹം കാണുകയുള്ളൂ എന്ന് മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
"എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശേരിയിൽ യു.ഡി.എഫിൽ ആര് മത്സരിക്കുമെന്ന് തീരുമാനിക്കാനുള്ള അധികാരം മുസ്ലിം ലീഗിനു മാത്രമാണ്. സ്ഥാനാർത്ഥി നിർണ്ണയം തനിക്കു അനുകൂലമായില്ലെന്നതിന്റെ പേരിൽ ലീഗിനെ വർഗീയ കക്ഷിയായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ, പൊതു സമുഹത്തിൽ മലയാളിയുടെ മതേതര മനസ്സിനെ വേദനിപ്പിക്കുന്ന ഏതെങ്കിലും ഒരു മുറിവ് ഉണ്ടാക്കുന്ന രാഷ്ട്രീപരമായ ഇടപെടലുകൾ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് കെമാൽ പാഷക്ക് വസ്തുതകൾ നിരത്തി ആരോപിക്കാൻ കഴിയുമോ ? " - അവർ ചോദിച്ചു കെമാൽ പാഷയുടെ ചില മോഹങ്ങൾ നടക്കാതെ പോയതിന് മുസ്ലിം ലീഗിന്റെ മേൽ കുതിര കയറാൻ നിൽക്കരുതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു