'പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കും'; തരൂർ പോരിൽ അതൃപ്തി പ്രകടിപ്പിച്ച് ലീഗ്
|'കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധിയുണ്ടാക്കി'
മലപ്പുറം: ശശി തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നതയിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്‍ലിം ലീഗ്. വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്നും മലപ്പുറത്ത് ചേർന്ന ലീഗ് എംഎൽഎമാരുടെ യോഗം വിലയിരുത്തി. വിവാദം അവസാനിപ്പിച്ചതിന് പിന്നാലെ കോട്ടയത്ത് തരൂരിന്റെ പരിപാടി നടന്നത് പുതിയ പ്രതിസന്ധി ആയെന്നും മുസ്‍ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
അതേസമയം തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം തുടരുകയാണ്. മലബാർ സന്ദർശനത്തിലുണ്ടായ പൊട്ടിത്തെറികൾ കെട്ടടങ്ങുന്നതിന് മുന്നേ തന്നെ തരൂരിന്റെ കോട്ടയം സന്ദർശവും വിവാദത്തിലായി. കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം തരൂരിനെതിരെ ശക്തമായി നീങ്ങുമ്പോള്‍ അതിനെ ചെറുക്കാൻ മറുവിഭാഗവും സജീവമായുണ്ട്. പരിപാടികൾ അറിയിച്ചില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ വിമർശം അതുകൊണ്ട് തന്നെ ശരിയല്ലെന്നാണ് മരുളീധരൻ അടക്കമുള്ള നേതാക്കൾ പറയുന്നത്.
എന്നാൽ തന്നെ മുരളീധരൻ പഠിപ്പിക്കാൻ വരേണ്ടെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. തരൂരിന്റെ നീക്കം ശരിയല്ലെന്നും പ്രവർത്തന പാരമ്പര്യത്തെ കുറിച്ച് തരൂർ പറയേണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു.
അതേസമയം ഇന്നലെ കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസിലെ ഭൂരിഭാഗം പേരും വിട്ടു നിന്നു. 54 പേരുള്ള കമ്മിറ്റിയിലെ 14 പേർ മാത്രമാണ് പങ്കെടുത്തത്. യൂത്ത് കോൺഗ്രസിന്റെയും തരൂരിന്റെ നീക്കത്തിനെതിരെ പരാതി നല്കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്.