ഫണ്ട് ശേഖരണം സുതാര്യമാക്കാൻ ഓൺലൈൻ സംവിധാനവുമായി മുസ്ലിം ലീഗ്
|മൊബൈൽ ആപ്ലിക്കേഷനും ക്യൂആര്‍ കോഡ് ഉപയോഗിച്ചുമാണ് മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ശേഖരണം
മലപ്പുറം: ഫണ്ട് തിരിമറി ആരോപണങ്ങൾ നേരിട്ടതോടെ ഫണ്ട് ശേഖരണം സുതാര്യമാക്കാൻ ഓൺലൈൻ സംവിധാനവുമായി മുസ്ലിം ലീഗ്. മൊബൈൽ ആപ്ലിക്കേഷനും ക്യൂആര്‍ കോഡ് ഉപയോഗിച്ചുമാണ് മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ശേഖരണം . സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കത്വ ഫണ്ട് , ഉന്നവോ ഫണ്ട് വിവാദങ്ങൾ പാർട്ടി പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതോടെയാണ് ആധുനിക രീതിയിൽ മുസ്ലിം ലീഗ് ഫണ്ട് ശേഖരണം . മഞ്ഞളാംകുഴി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിജിറ്റൽ ഫണ്ട് ശേഖരണത്തിനുള്ള സംവിധാനമൊരുക്കിയത്. ഐ.യു.എം.എല്‍ ഹദിയ എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫോൺ പേ , ഗൂഗിൾ പേ , തുടങ്ങി ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെയും മാത്രമാണ് പ്രവർത്തന ഫണ്ട് ശേഖരണം.
പാർട്ടി അക്കൗണ്ടിൽ എത്ര രൂപ ഫണ്ട് കളക്ഷനായി എത്തി എന്നറിയാനുള്ള സൗകര്യവും മൊബൈൽ ആപ്ലിക്കേഷനിലുണ്ട്.പിരിവ് നൽകി കഴിഞ്ഞാൽ ഡിജിറ്റൽ രസീതും ലഭിക്കും. പാർട്ടിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവാദങ്ങൾ നേരിടാതെ വിപുലമായ ഫണ്ട് പിരിവിനാണ് നേതൃത്വം ലക്ഷ്യമിടുന്നത് .