കത്വ പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹം; പങ്കെടുത്ത് ലീഗ് നേതാക്കൾ
|''പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപിച്ചയുടനെ ചെന്നൈയിൽ നിന്ന് ജമ്മുവിലേക്ക് തിടുക്കപ്പെട്ട് യാത്ര തിരിച്ചു. അവർ ക്ഷണിച്ചതിനാൽ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നെയിൽ വെച്ച് പറഞ്ഞിരുന്നു''
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാക്കൾ. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു തുടങ്ങിയവരാണ് കത്വയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
പെൺകുട്ടിയുടെ ഉപ്പ യൂസഫ് ഭായിയുടെ തുടരെയുള്ള ക്ഷണപ്രകാരമാണ് വിവാഹത്തിൽ പങ്കെടുത്തതെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.
'പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപിച്ചയുടനെ ചെന്നൈയിൽ നിന്ന് ജമ്മുവിലേക്ക് തിടുക്കപ്പെട്ട് യാത്ര തിരിച്ചു. അവർ ക്ഷണിച്ചതിനാൽ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നെയിൽ വെച്ച് പറഞ്ഞിരുന്നു. ജമ്മുവിൽ നിന്ന് നാല്പത്തഞ്ച് കിലോമീറ്റർ അകലെയുള്ള സംബാ നഗരത്തോട് ചേർന്നു കിടക്കുന്ന ഉൾഗ്രാമത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വരനെ പന്തലിൽ കൈ കൊടുത്തു ആശംസ നേരുമ്പോൾ ' അനിയത്തിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കളാണിവർ'' എന്ന ഒറ്റവാചകത്തിൽ അഡ്വ. മുബീൻ ഫാറൂഖി ഞങ്ങളെ പരിചയപ്പെടുത്തിയെന്നും ഫൈസൽ ബാബു ഫേസ്ബുക്ക് കുറിപ്പില് പറയുന്നു.
വീട്ടിൽ ഒരു വിശേഷം നടക്കുമ്പോൾ മുസ്ലിം ലീഗ് നേതാക്കൾ അവിടെ ഉണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
'ഇതൊരു കാശ്മീരി വിവാഹത്തിന് ശേഷമുള്ള ചിത്രമാണ്. കത്വവയിൽ കൊല്ലപ്പെട്ട പൊന്നു മോളുടെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. അങ്ങിനെ ഒരു വിശേഷം തങ്ങളുടെ വീട്ടിൽ നടക്കുമ്പോൾ മുസ്ലിം ലീഗ് നേതാക്കൾ അവിടെ ഉണ്ടാകമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ സാഹിബും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവും വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കാളിയായി.
വേദനയിൽ കൂടെ നിന്നവരെ സന്തോഷം വന്നപ്പോൾ അവർ മറന്നില്ല. സഹോദരിയെ നഷ്ടപ്പെട്ട വേദനയിൽ കരഞ്ഞ് തളർന്ന ദർദാന അക്തറിന് ഇനിയുള്ള കാലം ആഹ്ലാദമുള്ള ജീവിതം നൽകാൻ ഇമ്രാന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'