Kerala
മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷന്‍
Kerala

മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷന്‍

Web Desk
|
7 Aug 2021 1:23 PM GMT

മുഈനലി ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂകയുള്ളൂ.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. മുഈനലി ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂകയൂള്ളൂ. വാര്‍ത്താസമ്മേളനത്തില്‍ മുഈനലി തങ്ങളെ അധിക്ഷേപിച്ച റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.

മുഈനലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. ഇങ്ങനെയല്ല അഭിപ്രായം പറയേണ്ടത്. കുടുംബത്തിലെ മുതിര്‍ന്ന ആളുകളാണ് അഭിപ്രായം പറയുക. കൂടിയാലോചനക്ക് ശേഷമാണ് അഭിപ്രായം പറയേണ്ടതെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണി ഞങ്ങള്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്നും കെ.ടി ജലീലിന് മറുപടിയായി സ്വാദിഖലി തങ്ങള്‍ പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. കള്ളപ്പണം വെളുപ്പിക്കുന്ന ജോലി ലീഗിന്റെ ഒരു നേതാവും ചെയ്തിട്ടില്ലെന്നും ഇ.ടി പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടനാ തല മാറ്റങ്ങളിലേക്ക് കടക്കുകയാണ്. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും. ലീഗില്‍ വിഭാഗീയതയില്ല. ലീഗ് ജനാധിപത്യ പ്രസ്ഥാനമാണ്. ആരോഗ്യപരമായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കാറുണ്ട്. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ അതിജീവിച്ചു മുന്നോട്ടുപോവുമെന്നും ഇ.ടി പറഞ്ഞു.

മുഈനലിക്കെതിരെ നടപടി എടുക്കരുതെന്ന നിലപാടാണ് പാണക്കാട് കുടുംബം സ്വീകരിച്ചത്. പാണക്കാട് റഷീദലി തങ്ങളാണ് യോഗത്തില്‍ പാണക്കാട് കുടുംബത്തിന്റെ നിലപാട് അറിയിച്ചത്. അബ്ബാസലി ശിഹാബ് തങ്ങളും ഉന്നതാധികാര സമിതിയോഗത്തില്‍ നിലപാട് അറിയിക്കാനെത്തിയിരുന്നു.



Similar Posts