Kerala
League Rally

ലീഗ് മഹാറാലി

Kerala

ഫലസ്തീന് ഐക്യദാര്‍ഢ്യം; ലീഗ് മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്ട്

Web Desk
|
26 Oct 2023 1:08 AM GMT

ഇന്ത്യയിലെ ഏറ്റവും വലിയ ഫലസ്തീന്‍‍ ഐക്യദാർഢ്യ പരിപാടിയായി റാലി മാറുമെന്നാണ് ലീഗിന്‍റെ പ്രതീക്ഷ

കോഴിക്കോട്: ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമായി മുസ് ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും വലിയ ഫലസ്തീന്‍‍ ഐക്യദാർഢ്യ പരിപാടിയായി റാലി മാറുമെന്നാണ് ലീഗിന്‍റെ പ്രതീക്ഷ. ഡോ. ശശി തരൂർ മുഖ്യാതിഥിയാകും.

അടുത്ത കാലത്തെ ഏറ്റവും വലിയ ആക്രമണത്തിലേക്ക് ഇസ്രായേല്‍ കടന്നിരിക്കെ ഫലസ്തീന് ഐക്യദാർഢ്യമായി രാജ്യത്തെ ഏറ്റവും വലിയ റാലി സംഘടിപ്പിക്കുകയാണ് മുസ് ലിം ലീഗ്. പരമ്പരാഗതമായ ഫലസ്തീന് അനുകൂല നിലപാടില്‍ നിന്ന് കേന്ദ്രസർക്കാർ പിന്മാറിയിരിക്കെ ജനങ്ങളുടെ വികാരം അറിയിക്കുക കൂടിയാണ് ഈ സമ്മേളനത്തിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ഡോ. ശശി തരൂർ മുഖ്യാതിഥിയാകും. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീർ, എം കെ മുനീർ, അബ്ദുസമദ് സമദാനി എന്നിവർ സംസാരിക്കും. ചെറു റാലികളായിട്ടാകും ലീഗ് പ്രവർത്തർ ബീച്ചിലേക്കെത്തുക. വൈകിട്ട് 4 മണിയോടെ പൊതു സമ്മേളനം ആരംഭിക്കും.



Similar Posts