'പങ്കെടുക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ': രാമക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ മുതലെടുപ്പെന്ന് ലീഗ്
|ആരാധനയല്ല രാഷ്ട്രീയം തന്നെയാണ് വിഷയം. മതേതരത്വ കാഴ്ചപ്പാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
മലപ്പുറം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമെന്ന് മുസ്ലിം ലീഗ്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കും. ബിജെപിയുടെ മുതലെടുപ്പ് അനുവദിക്കരുതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരു രാഷ്ട്രീയ ഉദ്ഘാടനമാക്കുന്ന തരത്തിലാണ് ബിജെപിയുടെ നീക്കം. മോദി സർക്കാറിന്റെ ലക്ഷ്യം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് തന്നെയാണ്. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. അത് സംബന്ധിച്ച് ഒരഭിപ്രായവും പറയുന്നില്ല. പക്ഷേ, രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പങ്കെടുക്കുന്നവരെയും പങ്കെടുക്കാത്തവരെയും വേർതിരിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ വിഷയം കൊണ്ടുപോകാനാണ് നീക്കം.
ആരാധനയല്ല രാഷ്ട്രീയം തന്നെയാണ് വിഷയം. ഓരോ രാഷ്ട്രീയ പാർട്ടിയും ഇത് തിരിച്ചറിഞ്ഞ് സ്വതന്ത്രമായ തീരുമാനം എടുക്കണം. മതേതരത്വ കാഴ്ചപ്പാടുള്ള പാർട്ടികളൊക്കെ അത് ചെയ്യുമെന്നാണ് വിശ്വാസം. മറ്റൊന്നും ഈ അവസരത്തിൽ പറയാനില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം. പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലാണ് മുസ്ലിം ലീഗ് നേതാക്കൾ യോഗം ചേർന്നത്. പി.കെ കുഞ്ഞാലിക്കുട്ടി , പി. എം. എ സലാം , എം.കെ മുനീർ , അബ്ദുസമദ് സമദാനി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്മോഹന് സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പിന്നാലെ വിഷയത്തിൽ പരസ്യപ്രതികരണം വിലക്കിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയുടെ വലയിൽ വീഴരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകി. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.വിഷയം കോൺഗ്രസ് നേതാക്കളുമായി ലീഗ് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.