കോട്ടകൾ കുലുങ്ങി; ഇടതുതരംഗത്തിൽ ഉലഞ്ഞ് ലീഗ്
|2016ൽ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ് 18 സീറ്റിൽ ജയിച്ചിരുന്നു
ഇടതുതരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഉലഞ്ഞ് മുസ്‌ലിംലീഗ്. 16 സീറ്റിലാണ് നിലവിൽ മുസ്‌ലിം ലീഗ് ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്തിട്ടുള്ളത്. മലപ്പുറത്തെ 12 സീറ്റിലും കാസർക്കോടെ രണ്ട് സീറ്റിലും കോഴിക്കോട്ടെ ഒരു സീറ്റിലുമാണ് ലീഗ് മുമ്പിട്ടു നിൽക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട്ടിലും പാര്‍ട്ടി മുമ്പിട്ടു നില്‍ക്കുന്നു. 2016ൽ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ് 18 സീറ്റിൽ ജയിച്ചിരുന്നു. എന്നാൽ ഇത്തവണ 27 മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. 20-23 സീറ്റിൽ വിജയിക്കാമെന്നായിരു്ന്നു ലീഗിന്റെ കണക്കുകൂട്ടൽ.
മലപ്പുറം ജില്ലയിൽ കോട്ടക്കൽ, തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മങ്കട, മഞ്ചേരി, വണ്ടൂർ, ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് ലീഗ് മുമ്പിൽ നിൽക്കുന്നത്. ശക്തമായ മണ്ഡലം നേരിട്ട തിരൂരങ്ങാടിയിൽ ലീഡ് ഏഴായിരത്തിലേറെയാക്കി വർധിപ്പിച്ചിട്ടുണ്ട്. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ 34 വോട്ടു മാത്രം മുമ്പിലാണ്. ശക്തമായ മത്സരം നടന്ന താനൂരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് സിറ്റിങ് എംഎൽഎ വി അബ്ദുറഹ്‌മാനോട് 985 വോട്ടിന് പരാജയപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ മത്സരിച്ച കൊടുവള്ളിയിൽ മാത്രമാണ് ലീഗിന് വിജയിക്കാനായത്. നൂർബിന റഷീദ് മത്സരിച്ച സിറ്റിങ് മണ്ഡലം കോഴിക്കോട് സൗത്ത് എൽഡിഎഫ് പിടിച്ചടക്കി. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് സൗത്തിൽ വിജയിച്ചത്. 11453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം.
ലീഗ് സ്വതന്ത്രനായി ദിനേശ് പെരുമണ്ണ മത്സരിച്ച കുന്ദമംഗലത്ത് 8900 വോട്ടുകൾക്കാണ് പാർട്ടിയുടെ തോൽവി. തിരുവമ്പാടിയിൽ സിപി ചെറിയ മുഹമ്മദ് 4548 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കുറ്റ്യാടിയിൽ സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുല്ല 450 വോട്ടിന് കെപി കുഞ്ഞമ്മദ് കുട്ടിയോട് പരാജയപ്പെട്ടു. പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിംകുട്ടി 21341 വോട്ടുകൾക്കാണ് തോറ്റത്.
കണ്ണൂരിൽ മത്സരിച്ച അഴീക്കോട്ടും കൂത്തുപറമ്പിലും ലീഗ് തോറ്റു. സംസ്ഥാനം ഉറ്റുനോക്കിയ പോരാട്ടത്തിൽ അഴീക്കോട്ട് 5605 വോട്ടിനാണ് കെവി സുമേഷ് ഷാജിയെ പരാജയപ്പെടുത്തിയത്. കൂത്തുപറമ്പിൽ പൊട്ടങ്കണ്ടി അബ്ദുല്ല 18841 വോട്ടിനാണ് തോറ്റത്. ഗുരുവായൂരിൽ കെഎൻഎ ഖാദറും തോറ്റു. കാസർക്കോട് ജില്ലയിൽ മഞ്ചേശ്വരത്തും കാസർക്കോടും ലീഗ് ജയിച്ചു. കാസർക്കോട് 13004 വോട്ടിനാണ് എൻഎ നെല്ലിക്കുന്ന് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് 1143 വോട്ടിനാണ് ലീഗ് ലീഡ് ചെയ്യുന്നത്.