സുപ്രിംകോടതി അഭിഭാഷകന്‍, ഡല്‍ഹിയില്‍ ലീഗിന്‍റെ മുഖം; ഹാരിസ് ബീരാന്‍റെ പോരാട്ടം ഇനി പാര്‍ലമെന്‍റിലേക്കും
|സുപ്രിംകോടതിയില്‍ പൗരത്വ നിയമം, മഅ്ദനി, സിദ്ദീഖ് കാപ്പന്‍ കേസുകളിലടക്കം നിയമപോരാട്ടങ്ങളുടെ ഭാഗമാണ് ഹാരിസ് ബീരാന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥിയായി അപ്രതീക്ഷിത മുഖമാണ് നേതൃത്വം അവതരിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കു പുറമെ യൂത്ത് ലീഗ് നേതാക്കളുടെയും പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അവസാനം ഹാരിസ് ബീരാന്‍ എന്ന സര്‍പ്രൈസ് പേരാണു പുറത്തുവന്നിരിക്കുന്നത്. സുപ്രിംകോടതിയിലെ ശ്രദ്ധേയനായ യുവ അഭിഭാഷകനാണ് ഹാരിസ്. രാജ്യം ശ്രദ്ധിച്ച നിരവധി നിയമപോരാട്ടങ്ങളുടെ ഭാഗമായിരുന്നു.
മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സിയുടെ ഡല്‍ഹി ഘടകം അധ്യക്ഷനാണ് ഹാരിസ്. മുസ്‌ലിം ലീഗിന്റെ നിയമപോരാട്ടങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന അദ്ദേഹം മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ ബീരാന്റെ മകനാണ്. എറണാകുളം സ്വദേശിയായ ഹാരിസ് ബീരാന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം.
സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഹാരിസ് പൗരത്വ നിയമത്തിനെതിരെ അടക്കം മുസ്‌ലിം ലീഗ് നടത്തുന്ന നിയമപോരാട്ടങ്ങളുടെ ചുമതലക്കാരനാണ്. ഡല്‍ഹിയില്‍ നിര്‍മിക്കുന്ന മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ചുമതലയും ഹാരിസിനാണ്. രാജ്യതലസ്ഥാനത്ത് ലീഗിന്റെ മുഖം കൂടിയായ അദ്ദേഹം മഅ്ദനി, സിദ്ദീഖ് കാപ്പന്‍ കേസുകളിലടക്കം നിയമപോരാട്ടങ്ങളുടെ ഭാഗമായിരുന്നു.
വിഭാഗീയതമൂലം സംഘടനാ പ്രവര്‍ത്തനം സ്തംഭിച്ച എറണാകുളത്ത് ഹാരിസിന്റെ എം.പി സ്ഥാനം ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എം.പി എന്ന നിലയില്‍ മുസ്‌ലിം ലീഗിന്റെ ഉന്നത നയരൂപീകരണ സമിതികളില്‍ ഹാരിസ് അംഗമാകും. വി.കെ ഇബ്രാഹിംകുഞ്ഞിനു ശേഷം എറണാകുളത്തുനിന്ന് ലീഗ് നേതൃത്വത്തിലേക്ക് ഉയരുന്ന നേതാവ് കൂടിയാണ് ഹാരിസ് ബീരാന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാം സീറ്റ് ആവശ്യമുയര്‍ത്തിയതോടെയാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിനു ജയസാധ്യതയുള്ളത് ലീഗിനു നല്‍കാമെന്ന ധാരണയിലെത്തിയത്. ഈ സീറ്റിലേക്കാണിപ്പോള്‍ ഹാരിസിന്റെ പേര് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. നിലവില്‍ പി.വി അബ്ദുല്‍ വഹാബ് രാജ്യസഭാ അംഗമാണ്. ഹാരിസ് കൂടി എത്തുന്നതോടെ ലോക്‌സഭയിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ലീഗിന്റെ എം.പിമാര്‍ അഞ്ചാകും. കേരളത്തിലെ നാല് ലീഗ് എം.പിമാരില്‍ മലപ്പുറം ജില്ലയ്ക്കു പുറത്തുനിന്നുള്ള ഏക അംഗം എന്ന പ്രത്യേകതയും ഹാരിസിനുണ്ടാകും.
നേരത്തെ, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവരുടെ പേരാണ് ആദ്യം രാജ്യസഭാ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. ഇതിനിടെ, മത്സരരംഗത്തേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കി. ഇതിനിടെ, യുവത്വത്തിനു പരിഗണന നല്‍കണമെന്ന മുറവിളികള്‍ ഉയരുകയും നേതൃത്വം അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ പേരും ഉയര്‍ന്നു.
എന്നാല്‍, ഡല്‍ഹിയിലെ ലീഗ് പ്രവര്‍ത്തനങ്ങളുടെ മുഖമായി അറിയപ്പെടുകയും നിയമപോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന യുവനേതാവ് കൂടിയായ ഹാരിസ് ബീരാനെ ലീഗ് സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന വിവരം അവസാന നിമിഷമാണു പുറത്തായത്. ലീഗ് രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേതായിരുന്നു തീരുമാനം. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെ പിന്തുണയ്ക്കുകയായിരുമായിരുന്നു. ദേശീയതലത്തില്‍ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിയമവും ഭരണഘടനയും ഉയര്‍ത്തി പോരാട്ടം ശക്തമാക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനമെന്നതും ശ്രദ്ധേയമാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടായാല്‍ കോടതിക്കു പുറമെ പാര്‍ലമെന്‍റിലും അതിനെതിരെ ശബ്ദിക്കാന്‍ യോഗ്യനായൊരു വ്യക്തിയാണ് ഹാരിസ് ബീരാന്‍. അതുകൊണ്ടുതന്നെ ഹാരിസിന്‍റെ പാര്‍ലമെന്‍റ് ഇടപെടലുകളും ഇനി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും.
Summary: Supreme Court lawyer, face of Muslim League in Delhi; Haris Beeran's fight now goes to parliament apart from the court