'തെറ്റ് ഏറ്റുപറഞ്ഞു'; വഹാബ് വിവാദം അവസാനിച്ചതായി മുസ്ലിം ലീഗ്
|വഹാബ് വിശദീകരണം നൽകിയ സാഹചര്യത്തിൽ വിഷയം അവസാനിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചതിൽ പി.വി അബ്ദുൽ വഹാബ് വിശദീകരണം നൽകിയെന്ന് ലീഗ് നേതാക്കൾ. തെറ്റുപറ്റിയതായി വഹാബ് ഏറ്റുപറഞ്ഞതായി ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വഹാബ് വിശദീകരണം നൽകിയ സാഹചര്യത്തിൽ വിഷയം അവസാനിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച മുസ്ലിം ലീഗ് എം.പി അബ്ദുൽ വഹാബിന്റെ പ്രസംഗം വിവാദമായതോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ വിശദീകരണം ആവശ്യപ്പെട്ടത്.
വഹാബ് വിശദീകരണം നൽകിയെന്നും തൃപ്തികരമായതിനാൽ വിഷയം അവസാനിപ്പിച്ചതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെറ്റ് സംഭവിച്ചതായും ആവർത്തിക്കില്ലെന്നും വഹാബ് വിശദീകരിച്ചതായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അബ്ദുൽ വഹാബിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും ലീഗ് അണികളിലും പ്രതിഷേധം ശക്തമായിരുന്നു.