സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കില്ല; മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന്
|പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് യോഗം
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് നടക്കും. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം ചേരുന്നത്. പ്രമുഖ നേതാക്കള്‍ പങ്കെടുക്കല്ലെന്നാണ് വിവരം.
ജൂലൈ അഞ്ചിനു നടക്കുന്ന സമ്പൂർണ്ണ ഭാരവാഹി യോഗത്തിന്റെ അജണ്ട നിശ്ചയിക്കൽ മാത്രമാകും ഇന്നത്തെ യോഗത്തിലെ ചർച്ചയെന്നാണ് വിവരം. അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നില്ല. ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് യോഗം.
അതേസമയം, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഗ്രൂപ്പ് പോര് തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് പക്ഷവും അഹമ്മദ് കബീർ പക്ഷവും പോരടിച്ച് നിൽക്കുന്നതിനാൽ ജില്ലാ കമ്മിറ്റി രൂപീകരിക്കാനാകാത്ത സ്ഥിതിയിലാണ്. മലബാറിന് പുറത്ത് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണുള്ളത്. ഇന്നത്തെ സംസ്ഥാന ഭാരവാഹി യോഗത്തിൽ എറണാകുളത്തെ സംഘടനാ പ്രശ്നങ്ങളും ചർച്ചയായേക്കുമെന്ന് സൂചനയുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ ശാഖ മുതൽ ദേശീയതലം വരെയുള്ള ഭാരവാഹികൾ ചുമതലയേറ്റിട്ടും എറണാകുളത്തും പത്തനംതിട്ടയിലും ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല. ഇബ്രാഹിംകുഞ്ഞ്-അഹമ്മദ് കബീർ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണ് എറണാകുളത്തെ പ്രശ്നം. ജില്ലയിലെ 14ൽ 12 നിയോജകമണ്ഡലങ്ങളും അഹമ്മദ് കബീർ ഗ്രൂപ്പിനൊപ്പമാണ്. എന്നാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പോസ്റ്റുകളിലൊന്ന് മകൻ അബ്ദുൽ ഗഫൂറിന് വേണമെന്ന വാശിയിലാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് വഴങ്ങാൻ കബീർ ഗ്രൂപ്പ് ഒരുക്കവുമല്ല,
ജില്ലാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലുണ്ടായതിന് പിറകേ പഴയ ജില്ലാ കമ്മിറ്റി തുടരാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു. ജൂൺ 30നകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇതുവരെയും സമവായമായിട്ടില്ല. പാണക്കാട് സ്വാദിഖലി തങ്ങളിലുള്ള സ്വാധീനവും കുഞ്ഞാലക്കുട്ടിയുടെയും ആബിദ് ഹുസൈൻ തങ്ങളുടെയും പിന്തുണയുമാണ് ഇബ്രാഹിംകുഞ്ഞിന്റെ ശക്തി.
നിലവിൽ വർക്കിങ് പ്രസിഡന്റായ ഗഫൂറിന് ആ പദവിയിൽ തന്നെ തുടരുകയോ വൈസ് പ്രസിഡന്റ് ആകുകയോ ചെയ്യാമെന്ന നിലപാടാണ് കബീർ ഗ്രൂപ്പിനുള്ളത്. എന്നാൽ, മുതിർന്ന നേതാവായ ഇബ്രാഹിംകുഞ്ഞിന്റെ ആഗ്രഹം പരിഗണിക്കാത്തത് നന്ദികേടാണെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ലീഗിലെ സംഘടനാപ്രശ്നം യു.ഡി.എഫിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിൽ എറണാകുളം ഡി.സി.സിക്ക് കടുത്ത അതൃപ്തിയുണ്ട്.
Summary: Muslim League state office bearer's meeting will be held today in Malappuram. President Sayyid Sadiq Ali Shihab Thangal and senior leader PK Kunhalikutty will not attend the meeting