Kerala
പ്രിയ നജീബ് ഒരു ജനതയുടെ സാക്ഷാത്ക്കാരം എത്ര ഭംഗിയായാണ് നിർവഹിച്ചത്; അഭിനന്ദനവുമായി സാദിഖലി ശിഹാബ് തങ്ങൾ
Kerala

'പ്രിയ നജീബ് ഒരു ജനതയുടെ സാക്ഷാത്ക്കാരം എത്ര ഭംഗിയായാണ് നിർവഹിച്ചത്'; അഭിനന്ദനവുമായി സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
3 Aug 2022 9:11 AM GMT

തങ്ങളുടെ കുറിപ്പിനേക്കാൾ വലിയ ഒരു ബഹുമതിയും താൻ അർഹിക്കുന്നില്ലെന്നും നമ്മളൊക്കെ ഇല്ലാതാവുമ്പോഴും ഹൈദരലി തങ്ങളുടെ അക്കാദമിയിൽ നിന്ന് കുറെ ഐ.എ.എസുകാർ വരുമെന്നും നജീബ് കാന്തപുരം

പെരിന്തൽമണ്ണ: മണ്ഡലത്തിൽ സൗജന്യ സിവിൽ സർവീസ് അക്കാദമി ആരംഭിച്ച നജീബ് കാന്തപുരം എംഎൽഎക്ക് അഭിനന്ദവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഒരു ജനതയുടെ സാക്ഷാത്ക്കാരം എത്ര ഭംഗിയായാണ് താങ്കൾ നിർവ്വഹിച്ചതെന്നും യൗവന സ്വപ്നങ്ങൾക്ക് നിറം പകർന്നുവെന്ന അലങ്കാര പ്രയോഗം ഉപയോഗിക്കുന്നത് വിശേഷിപ്പിക്കാൻ മറ്റു വാക്കുകളില്ലാഞ്ഞിട്ടാണെന്നും തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. അക്കാദമി പ്രവർത്തനങ്ങളിൽ എംഎൽഎയുടെ ചടുലത താനേറെ ആസ്വദിച്ചിട്ടുണ്ടെന്നും കുറേ മാസങ്ങളായി കണ്ടുമുട്ടുമ്പോഴും ഫോണിലും താങ്കൾ പങ്കുവെച്ച പ്രതീക്ഷകൾ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ കുറിച്ചു.


തങ്ങളുടെ കുറിപ്പിന് മറുപടിയുമായി നജീബ് കാന്തപുരം എംഎൽഎയും രംഗത്തെത്തി. തങ്ങളുടെ കുറിപ്പിനേക്കാൾ വലിയ ഒരു ബഹുമതിയും താൻ അർഹിക്കുന്നില്ലെന്നും നമ്മളൊക്കെ ഇല്ലാതാവുമ്പോഴും ഹൈദരലി തങ്ങളുടെ അക്കാദമിയിൽ നിന്ന് കുറെ ഐ.എ.എസുകാർ വരുമെന്നും അദ്ദേഹം കുറിച്ചു.

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സിവിൽ സർവ്വീസസ് അക്കാദമി ആരംഭിച്ചത്. മലബാർ മേഖലയിലെ സിവിൽ സർവ്വീസ് തൽപരരായ വിദ്യാർഥികൾക്ക് വേണ്ടിയാണ് റെസിഡൻഷ്യൽ കോച്ചിംഗുമായി അക്കാദമി പ്രവർത്തിക്കുന്നത്. പെരിന്തൽമണ്ണയിലെ ഐ.എസ്.എസ് എഡ്യുക്കേഷണൽ സൊസൈറ്റിയാണ് സിവിൽ സർവ്വീസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നൽകിയത്.

സിവിൽ സർവ്വീസ് തൽപരരായ നൂറു വിദ്യാർഥികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുക. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരിൽ നിന്ന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തി മികവ് പുലർത്തുന്നവർക്കാണ് പ്രവേശനം നൽകുന്നത്.

Muslim League State President Sadiqali Shihab Thangal congratulates Najeeb Kanthapuram MLA for launching Free Civil Service Academy

Similar Posts