Kerala
ഉൾവലിഞ്ഞ സമുദായത്തെ തട്ടിയുണർത്തി, താജ്‍മഹലും ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ചു കൊടുത്ത സി.എച്ച് അനുസ്മരണക്കുറിപ്പുമായി കെ.എസ് ഹംസ
Kerala

'ഉൾവലിഞ്ഞ സമുദായത്തെ തട്ടിയുണർത്തി, താജ്‍മഹലും ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ചു കൊടുത്ത സി.എച്ച്' അനുസ്മരണക്കുറിപ്പുമായി കെ.എസ് ഹംസ

Web Desk
|
29 Sep 2021 5:05 AM GMT

സി.എച്ച് മുഹമ്മദ് കോയയയുടെ ഓര്‍മദിനത്തില്‍ അനുസ്മരണക്കുറിപ്പുമായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ

കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ഓര്‍മകള്‍ക്ക് ഇന്ന് 38 വര്‍ഷം. മുസ്‍ലിം ലീഗിന്‍റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയായിരുന്ന സി.എച്ച് നിയമസഭ സ്പീക്കറായും സംസ്ഥാന മുഖ്യമന്ത്രിയായും പദവിയിലിരുന്ന ഏക വ്യക്തി കൂടിയാണ്. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കൂടിയായ സി.എച്ച് ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രി പദവി വഹിച്ച ആള്‍ കൂടിയാണ്. 54 ദിവസങ്ങൾ മാത്രമാണ് സംസ്ഥാന മുഖ്യമന്ത്രി പദത്തില്‍ സി.എച്ച് ഇരുന്നത്. രണ്ട് തവണ കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിടിച്ചുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച് തന്നെ.

സി.എച്ച് മുഹമ്മദ് കോയയുടെ ഓര്‍മദിനത്തില്‍ നിലവിലെ ലീഗ് സംസ്ഥാന സെക്രട്ടറിയായ കെ.എസ് ഹംസ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

'ഇവിടെ ഇത്തിരി നേരം കൂടി നില്കാൻ മനസ്സ് മന്ത്രിക്കുന്നു....,
ഇവിടെയാണാ "പ്രചോദനവാഹിനീ തീർത്ഥം " പള്ളിയുറങ്ങുന്നത്.....,
അവഗണനയാൽ, അപകർഷതാബോധത്താൽ ഉൾവലിഞ്ഞ സമുദായത്തെ തട്ടിയുണർത്തി, താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ചു കൊടുത്തു.... സി.എച്ച്.!,
അവരുടെ ചിന്താ മണ്ഡലങ്ങളെ ത്രസിപ്പിക്കാൻ
കൊർദോവയെ ചൂണ്ടിക്കാണിച്ചു...സി എച്ച് !!,
ആ സിംഹഗർജ്ജനം കേൾക്കെ ...
"ചത്തകുതിര "കൾ സടകുടഞ്ഞെഴുന്നേറ്റ് കൺഠീരവ ഗർജ്ജനം മുഴക്കി......!,
പഴങ്കഞ്ഞി വെള്ളം പോൽ തണുത്തുറഞ്ഞ സിരകളിലൂടെ ചുടുരക്തം പതഞ്ഞൊഴുകി..!!,
ഉള്ളിലൊരു വൈദ്യുതാഘാതമേറ്റപോലെ, രോമകൂപങ്ങളെടുത്തു നിന്നു...!!!.,
ഇരമ്പി വന്ന കുതൂഹലങ്ങളോടു നേർക്കുനേർ നിന്ന്, അവകാശങ്ങൾ തലനാരിഴ പോലും വിട്ടുകൊടുക്കില്ലെന്ന് ഗർജ്ജിച്ചു... സി എച്ച്,
അധികാര സോപാനങ്ങളത്രയും കാൽകീഴിലൊതുക്കിയിട്ടും മിസ്ക്കീനായി വിട പറഞ്ഞ സൂര്യതേജസ്;..,
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായപ്പോൾ പോലും, സ്വഭവനം ബാങ്കിൽ പണയം വെച്ച് ചന്ദ്രിക പത്രത്തെ പാലൂട്ടിയ സി.എച്ച്.....,
രാഷ്ട്രീയ ബാക്കിപത്രമായി, മടിശീലയുടെ കനം മറച്ചുവെക്കാനില്ലാത്തതിനാൽ ഒത്തുതീർപ്പ് രാഷ്ട്രീയം സി എച്ചി നാവശ്യമായില്ല....,
ആദർശങ്ങളുടെ ആൾരൂപത്തിന്ന് അഡ്ജസ്റ്റ്മെൻറ് പൊളിറ്റിക്സും വശമില്ലായിരുന്നു....,
അഴിമതിയും കള്ളപ്പണവും അരങ്ങ് വാഴുന്ന, ഒരുതരം "സഹകരണ ഭരണം" അരാജകത്വം സൃഷ്ടിക്കുമ്പോൾ
ഒരു ചൂണ്ട് വിരലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടോ?..
അതാണ് സി.എച്ച്!,
അകത്തും പുറത്തുമുള്ള ദുഷ്ട രാഷ്ട്രീയ- മൂലധനശക്തികളുടെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ഇനിയെന്ന് മുഴങ്ങും മറ്റൊരു സിംഹഗർജ്ജനം....?,
സ്വർലോക സൗഭാഗ്യങ്ങൾക്കൊണ്ടും അനുഗ്രഹിക്കണെ.. നാഥാ..., ഞങ്ങളുടെ സിഎച്ചിനെ...'


മുസ്‍ലിം ലീഗ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച സി.എച്ച്.മുഹമ്മദ് കോയ 1951-ൽ ലീഗിൻ്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായി. 1957, 1960 നിയമസഭ തെരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായ സി.എച്ച് സീതിസാഹിബിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് 1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി സി.എച്ച് തെരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി അദ്ദഹം രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു. 1977-ൽ മലപ്പുറത്തിനെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ സി.എച്ച്, 1979 ഒക്ടോബർ 12ന് കേരളത്തിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബർ ഒന്നിന് രാജിവച്ചു.

Similar Posts